ട്രെയിനില്‍ ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍, സംസ്ഥാനാന്തര യാത്രകള്‍; അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ മാറ്റങ്ങള്‍ എന്തൊക്കെ?

ട്രെയിനില്‍ ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍, സംസ്ഥാനാന്തര യാത്രകള്‍; അഞ്ചാം ഘ്ട്ട ലോക്ക് ഡൗണില്‍ മാറ്റങ്ങള്‍ എന്തൊക്കെ?
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കോവിഡ് വ്യാപനം തടയുന്നതിനുള്ള അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്കു കടക്കുകയാണ് രാജ്യം. നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ എന്തൊക്കെയാണ് ഇന്നു മുതല്‍ വരുന്ന മാറ്റങ്ങള്‍? അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ അനുവദനീയമായതും അല്ലാത്തതും എന്തൊക്കെ? വിശദാംശങ്ങള്‍ ചുവടെ.

200 പാസഞ്ചര്‍ ട്രെയിനുകള്‍

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യപടിയായി ഇരുന്നൂറു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുകയാണ് റെയില്‍വേ, ഇന്നു മുതല്‍. ജനശതാബ്ദി, സമ്പര്‍ക്ക ക്രാന്തി, തുരന്തോ, എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളാണ് സ്‌പെഷല്‍ സര്‍വീസുകളായി ഓടുന്നത്. ഇവയില്‍ എസി, നോണ്‍ എസി കോച്ചുകളുണ്ടാവും. ജനറല്‍ കോച്ചുകളില്‍ ഉള്‍പ്പെടെ റിസര്‍വേഷന്‍ വേണം എന്നാണ് ട്രെയിന്‍ യാത്ര പുനരാരംഭിക്കുമ്പോള്‍ ഉള്ള പ്രധാന മാറ്റം. റിസര്‍വേഷന്‍ ഇല്ലാത്ത ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഐആര്‍സിടിസി മുഖേനയും സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റ് റിസര്‍വ് ചെയ്യാം. പനിയോ മറ്റു കോവിഡ് രോഗരക്ഷണങ്ങളോ ഉള്ളവര്‍ക്കു യാത്ര ചെയ്യാനാവില്ല. ഇറങ്ങുന്ന സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ എല്ലാ യാത്രക്കാര്‍ക്കും ബാധകമായിരിക്കും.

സംസ്ഥാനാന്തര ബസുകള്‍

അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനാന്തര യാത്രയ്ക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ അതതു സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കാം. ഹിമാചല്‍ പ്രദശില്‍ ഇന്നു മുതല്‍ പൊതു, സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങും. തമിഴ്‌നാട്ടിലും നിയന്ത്രിതമായി സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമുണ്ട്.

ആരാധനലായങ്ങള്‍, മാളുകള്‍

ആഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ ആരാധാനലയങ്ങള്‍ തുറക്കുമെന്ന് ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അറിയിച്ചു. പത്തു പേരില്‍ കൂടുതല്‍ ഒരേസമയം പാടില്ലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ബംഗാളില്‍ മാളുകളും റെസ്റ്ററന്റുകളും ഇന്നു തുറക്കും. തിയറ്ററുകളും മാളുകളും തുറക്കുമെന്ന് കര്‍ണാടകയിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. രാജസ്ഥാനില്‍ സര്‍ക്കാരിന്റെ സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവ ഇന്നു തുറക്കും.

വിമാന യാത്ര

ബജറ്റ് എയര്‍ ലൈന്‍ ആയ ഗോ എയര്‍ ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. മൂന്നിലൊന്നു യാത്രക്കാരെ മാത്രമാണ് ഓരോ സര്‍വീസിലും അനുവദിക്കുക. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാവും യാത്രയെന്ന് നേരത്തെ ഗോ എയര്‍ അറിയിച്ചിരുന്നു.

വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്

രാജ്യത്തെല്ലായിടത്തും ഒറ്റ റേഷന്‍ കാര്‍ഡ് എന്ന സംവിധാനം ഇന്നു നിലവില്‍ വരും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ തന്നെ ഇതു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇരുപതു സംസ്ഥാനങ്ങളിലാണ് ഇന്നു മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരിക. ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് പദ്ധതി ഏറെ ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com