'നിസർ​ഗ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയാകുന്നു ; ഇന്ത്യൻ തീരത്തേക്ക് ; അതീവ ജാ​ഗ്രത

മഹാരാഷ്ട്ര ​ഗുജറാത്ത് തീരങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചിട്ടുള്ളത്
'നിസർ​ഗ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയാകുന്നു ; ഇന്ത്യൻ തീരത്തേക്ക് ; അതീവ ജാ​ഗ്രത

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട നിസർ​ഗ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഇന്ത്യൻ
തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര ​ഗുജറാത്ത് തീരങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചിട്ടുള്ളത്.

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ്‌ ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. റായ്ഗഢ്, പാൽഘർ, താനെ, മുംബൈ ജില്ലകളിൽ കനത്തനാശം വിതയ്ക്കും. മുന്നറിയിപ്പു കണക്കിലെടുത്ത് മുംബൈയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.

കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയുള്ള ശക്തമോ, 20.4 സെൻറീമീറ്റർവരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com