രോഗബാധിതരുടെ എണ്ണത്തില്‍ കുതിപ്പ്, ഒറ്റ ദിവസം ഒന്‍പതിനായിരത്തിലേറെപ്പേര്‍; മരണം ആറായിരം കടന്നു

ഒറ്റ ദിവസം ഒന്‍പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്
ലോക്ക് ഡൗണ്‍ ഇളവു പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ ബസ് സര്‍വീസുകള്‍ ഇന്നലെ പുനരാരംഭിച്ചു. കൗശമ്പിയിലെ ബസ് ടെര്‍മിനലില്‍നിന്നുള്ള ദൃശ്യം-പിടിഐ
ലോക്ക് ഡൗണ്‍ ഇളവു പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ ബസ് സര്‍വീസുകള്‍ ഇന്നലെ പുനരാരംഭിച്ചു. കൗശമ്പിയിലെ ബസ് ടെര്‍മിനലില്‍നിന്നുള്ള ദൃശ്യം-പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 9,304 പേര്‍ക്ക്. 260 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത്. ഒറ്റ ദിവസം ഒന്‍പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്.

ഇന്ത്യയില്‍ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. ഇതില്‍ 1,04,107 പേര്‍ രോഗമുക്തി നേടി. 1,06,737 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് പിടിപെട്ടു മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. 6075 പേരാണ് ഇതുവരെ മഹാമാരിക്കിരയായത്.

രാജ്യത്ത് ഇതുവരെ 42,42,718 പേരിലാണ് പരിശോധന നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 1,39,485 പരിശോധനകള്‍ നടത്തി.

മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്.  മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2560 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 122 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 74860 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 2587 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം 32329 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസം പകരുന്നു. ഇന്ന് മാത്രം 996പേരാണ് ആശുപത്രി വിട്ടത്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ  1286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 11 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com