പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം : സഞ്ജയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നും മാറ്റി ; നെഹ്‌റുവിന്റെ പാരമ്പര്യം എവിടെയെന്ന് സഞ്ജയ്

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലെ അലസതയെ സഞ്ജയ് ഝാ ലേഖനത്തില്‍  വിമർശിച്ചിരുന്നു
sanjay_jha
sanjay_jha

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്നും മാറ്റി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടേതാണ് തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ദേശീയ ദിനപ്പത്രത്തില്‍ ലേഖനം എഴുതിയതിനെ തുടര്‍ന്നാണ് നടപടി.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലെ അലസതയെ സഞ്ജയ് ഝാ ലേഖനത്തില്‍  വിമർശിച്ചിരുന്നു. പാര്‍ട്ടിയെ ഉണര്‍ത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവർത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോൺ​ഗ്രസ് പാർട്ടിയുടെ നിഷ്ക്രിയത്വം മനസ്സിലാക്കാന്‍ കഴിയാത്ത ധാരാളം പേര്‍ പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടിയുടെ വേദനാജനകമായ ശിഥിലീകരണം കണ്ട് താന്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. സഞ്ജയ് ഝായെ നീക്കിയ സോണിയാ​ഗാന്ധി, അഭിഷേക് ദത്തിനേയും സാധന ഭാരതിയെയും കോൺ​ഗ്രസ് ദേശീയ മാധ്യമ പാനലിസ്റ്റുകളായി നിയമിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് സഞ്ജയ് ഝാ ട്വിറ്ററിലൂടെ രംഗത്തെത്തി. സ്വയം സ്വേച്ഛാധിപതിയായിപ്പോകാതിരിക്കാന്‍, പേരുമാറ്റി വിമര്‍ശനം എഴുതിയ നേതാവാണ് നെഹ്‌റു. അത്തരത്തിലുള്ള ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് അതില്‍ നിന്നെല്ലാം വളരെ മാറിപ്പോയി. ഇനിയും താന്‍ കോണ്‍ഗ്രസിന്റെ പോരാളിയായി തുടരുമെന്നും സഞ്ജയ് ഝാ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com