സോണിയയും മമതയും യെച്ചൂരിയും പങ്കെടുക്കും; പ്രധാനമന്ത്രിയുടെ യോഗത്തില്‍ എഎപിക്കും ആര്‍ജെഡിക്കും ക്ഷണമില്ല

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 
സോണിയയും മമതയും യെച്ചൂരിയും പങ്കെടുക്കും; പ്രധാനമന്ത്രിയുടെ യോഗത്തില്‍ എഎപിക്കും ആര്‍ജെഡിക്കും ക്ഷണമില്ല

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇരുപത് പാര്‍ട്ടികള്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

അതേസമയം എഎപിക്കും ആര്‍ജെഡിക്കും എഐഎംഐഎമ്മിനും സര്‍വകക്ഷി യോഗത്തില്‍ ക്ഷണമില്ല. ദേശീയ പാര്‍ട്ടികള്‍ക്കും ലോക്‌സഭയില്‍ അഞ്ച് എംപിമാരുള്ള പാര്‍ട്ടികള്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന കക്ഷികള്‍ക്കുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഈ പാര്‍ട്ടികളിലെ നേതാക്കളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ടെലഫോണില്‍ ബന്ധപ്പെട്ടു. 

അതേസമയം, യോഗത്തില്‍ ക്ഷണമില്ലാത്തതിന് എതിരെ എഎപിയും ആര്‍ജെഡിയും രംഗത്തെത്തി. ആര്‍ജെഡി ബിഹാറിലെ ഏറ്റവും വലിയ കക്ഷിയാണ്, ലോക്‌സഭയില്‍ അഞ്ച് എംപിമാരുണ്ട്. എന്നിട്ടും തങ്ങളെ ക്ഷണിക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 

എഎപി ഡല്‍ഹി ഭരിക്കുന്ന പാര്‍ട്ടിയാണ്. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് നാല് എംപിമാരുണ്ട്. രാജ്യത്ത് എല്ലായിടത്തും സാന്നിധ്യവുമുണ്ട്. എന്നാല്‍ എല്ലാ നിര്‍ണായക വിഷങ്ങളിലും ബിജെപി തങ്ങളുടെ അഭിപ്രായം തേടാറില്ലെന്ന് എഎപി രാജ്യസഭ എംപി സഞ്ജയ് സിങ് പറഞ്ഞു. വൈകുന്നേരം നാലുമണിക്കാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി സര്‍വകക്ഷി യോഗം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com