പതഞ്ജലിയുടെ കോവിഡ് മരുന്ന് വില്‍ക്കരുത്; കര്‍ശന നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

മരുന്ന് വില്‍പ്പനയാരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും
പതഞ്ജലിയുടെ കോവിഡ് മരുന്ന് വില്‍ക്കരുത്; കര്‍ശന നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ന്യുഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ എന്ന മരുന്ന് സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ആരും സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും  സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. ആയുഷ് മന്ത്രാലത്തിന്റെ അനുമതിയില്ലാതെ മരുന്ന് വില്‍പ്പനയ്ക്ക് അനുമതി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് വില്‍പ്പനയാരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്നുപരീക്ഷണം നടത്തിയത് നിയമലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച് ബാബാ രാംദേവിനെതിരെ കേസ് കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡിന് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണില്‍ മരുന്ന് രോഗബാധിതരില്‍ പരീക്ഷിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം.ഇത് മരുന്ന് പരീക്ഷണമല്ല, തട്ടിപ്പാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചു. മൂന്നു ദിവസത്തിനുളളില്‍ നിംസില്‍ നിന്ന് പരിശോധനാ ഫലം ലഭിക്കില്ല. മരുന്ന് നല്‍കിയത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ്. നിംസിന് പുറമേ മറ്റ് പ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അന്ന് തന്നെ കണ്ടെത്തിയിട്ടുണ്ടെണ്ടും രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതഞ്ജലി കോറോണ വൈറസിനെതിരെ ആയൂര്‍വേദ മരുന്ന് പുറത്തിറക്കിയത്. പതഞ്ജലി മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തെപ്പറ്റി കേന്ദ്ര ആയുഷ് മന്ത്രാലയം വിശദീകരണം തേടിയിരുന്നു. പതഞ്ജലി കണ്ടുപിടിച്ചെന്നു പറയുന്ന ആയുര്‍വേദ മരുന്നിന്റെ ശാസ്ത്രീയ വസ്തുതകള്‍ എന്താണെന്ന് അറിയില്ല. അതിനാല്‍ മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനിയോട് തേടിയതായി മന്ത്രാലയം അറിയിച്ചിരുന്നു. അവകാശവാദത്തിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിന്റെ പരസ്യങ്ങള്‍ പാടില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. അംഗീകാരമില്ലാതെ പരസ്യം ചെയ്യുന്നത് നിയമങ്ങളുടെയും കോവിഡ് മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com