അന്വേഷണത്തോട് പൊലീസ് മുഖംതിരിച്ചു, സ്‌റ്റേഷന്‍ റവന്യൂ വകുപ്പ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്; അസാധാരണ നടപടി

വ്യാപാരികളായ അച്ഛനും മകനും തൂത്തുക്കുടി സാത്താന്‍ കുളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അസാധാരണ നടപടിയുമായി മദ്രാസ് ഹൈക്കോടതി.
അന്വേഷണത്തോട് പൊലീസ് മുഖംതിരിച്ചു, സ്‌റ്റേഷന്‍ റവന്യൂ വകുപ്പ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്; അസാധാരണ നടപടി

ചെന്നൈ: വ്യാപാരികളായ അച്ഛനും മകനും തൂത്തുക്കുടി സാത്താന്‍ കുളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അസാധാരണ നടപടിയുമായി മദ്രാസ് ഹൈക്കോടതി. അന്വേഷണം തടസങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സാത്താന്‍ കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. പൊലീസ് സ്റ്റേഷന്‍ റവന്യൂവകുപ്പിനെ ഏല്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് മധുര ബെഞ്ചിന്റെ ഇടപെടല്‍.

അതേസമയം സാത്താന്‍കുളം പൊലീസ് സ്‌റ്റേഷനില്‍ ഒരാഴ്ച മുന്‍പും കസ്റ്റഡി മരണം നടന്നതായി റിപ്പോര്‍ട്ട്.  തൂത്തുക്കുടി സ്വദേശി മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കുകയും ചെയ്തു. അച്ഛനും മകനും മരിച്ച കേസിലെ അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആരോപണവിധേയര്‍. അന്വേഷണ റിപ്പോര്‍ട്ട് നാളെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് പരിഗണിക്കും.

ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചിരുന്നു. ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം അറിയിക്കും. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. അതിനിടെ സാത്താന്‍കുളം ഇന്‍സ്‌പെക്ടറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ജയരാജിനും(62) മകന്‍ ബെനിക്‌സിനും (32) പരുക്കേറ്റത് സാത്താന്‍കുടി സ്‌റ്റേഷനില്‍വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാര്‍ വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബെനിക്‌സിന്റെയും ജയരാജിന്റെയും ദേഹത്ത് പരുക്കുകളുണ്ടായിരുന്ന് എന്ന് ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.

ലോക്ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ 19നാണ് സാത്താന്‍കുളം സ്വദേശി ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെ തിരക്കി സ്‌റ്റേഷനിലെത്തിയ മകന്‍ ബെനിക്‌സിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതു ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ ദേശീയ മാധ്യമത്തോടു പങ്കുവച്ചത്.

സ്‌റ്റേഷനിലെത്തിച്ച സമയത്ത് പരുക്കില്ലായിരുന്നുവെന്നാണ് ഇരുവരെയും ജയിലെത്തിച്ച രണ്ടു പൊലീസുകാര്‍ പറയുന്നത്. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബെനിക്‌സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നതും ഇവര്‍ ശരിവയ്ക്കുന്നുണ്ട്.ജയിലിലേക്കുള്ള യാത്രക്കിടെ രക്തസ്രാവം നിലയ്ക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും സമ്മതിക്കുന്നു22-ാം തീയതി ജയിലില്‍ എത്തിച്ചു മണിക്കൂറുകള്‍ക്കം ഇരുവരും മരിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരങ്ങളിലുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com