കര്‍ഷക ആത്മഹത്യക്കെതിരെ പദ്യവുമായി മകന്‍ വേദിയില്‍; അതേദിവസം അച്ഛന്‍ ജീവനൊടുക്കി

കര്‍ഷക ആത്മഹത്യയെ കുറിച്ച് സ്‌കൂളില്‍ മകന്‍ പദ്യം ചൊല്ലിയ അതേദിവസം തന്നെ കര്‍ഷകനായ അച്ഛന്‍ വിഷം കഴിച്ച് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കര്‍ഷക ആത്മഹത്യയെ കുറിച്ച് സ്‌കൂളില്‍ മകന്‍ പദ്യം ചൊല്ലിയ അതേദിവസം തന്നെ കര്‍ഷകനായ അച്ഛന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മറാത്തി ഭാഷ ദിനത്തിലാണ് സംഭവം.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ 32കാരനായ മല്‍ഹാരി ബട്ടൂലയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി വിഷം കഴിച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. അന്നേ ദിവസം രാവിലെ മൂന്നാം ക്ലാസുകാരനായ മകന്‍ കര്‍ഷക ആത്മഹത്യയെ കുറിച്ച് സര്‍ക്കാര്‍ സ്‌കൂളില്‍ പദ്യം ചൊല്ലിയിരുന്നു. ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പദ്യമാണ് കുട്ടി ചൊല്ലിയത്. 

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യസ്ഥിതി മോശമായ കര്‍ഷകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാര്‍ഷിക വായ്പയായി ബട്ടൂല 20 ലക്ഷം രൂപ എടുത്തിരുന്നു. ഇതിന് പുറമേ അച്ഛന്‍ ട്രാക്ടര്‍ വാങ്ങിയ ഇനത്തില്‍ തിരിച്ചടയ്‌ക്കേണ്ട എട്ടുലക്ഷം രൂപയും ബട്ടൂലയുടെ ബാധ്യതയായി തീര്‍ന്നു. വായ്പ ബാധ്യത എന്ന നിലയില്‍ വലിയ തുക തിരിച്ചടയ്ക്കണമെന്ന ചിന്തയും സാമ്പത്തിക പ്രതിസന്ധിയുമാണ് ജീവനൊടുക്കാന്‍ കര്‍ഷകനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com