കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പുലി തിന്നു; ഞെട്ടി വിറച്ച് നാട്ടുകാര്‍

രാത്രിയില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു
കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പുലി തിന്നു; ഞെട്ടി വിറച്ച് നാട്ടുകാര്‍

ബംഗളൂരു: കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പുലി കടിച്ചുകീറി കൊന്നു. കര്‍ണാടകയിലെ തുംകുരുവിലുള്ള ബയ്ചന്‍ഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം. രാത്രിയില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് പുലിയുടെ ആക്രമണമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. 

ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ പേരക്കുട്ടിയാണ് മരിച്ച മൂന്ന് വയസുകാരി. പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുമ്പോള്‍ അച്ഛനും അമ്മയും വീടിനകത്തായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ഒച്ച വച്ച് ആളെക്കൂട്ടി. 

തിരച്ചിലിനൊടുവില്‍ രാത്രി 10.30യോടെ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് തന്നെ കണ്ടെത്തി. കുട്ടിയുടെ മുഖത്തും കൈകളിലും പുലി കടിച്ചു കീറിയതിന്റെ മുറിപ്പാടുകളുണ്ട്. 

കഴിഞ്ഞ ഒക്ടോബറിന് ശേഷം ഈ ഗ്രാമത്തില്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് മൂന്ന് വയസുകാരി. നേരത്തെ അഞ്ച് വയസുള്ള ആണ്‍കുട്ടിയും 60 വയസുള്ള രണ്ട് പേരുമാണ് മരിച്ചത്. 

പുലിയെ പിടികൂടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേട്ട ഭാവമില്ലെന്നും അങ്ങേയറ്റത്തെ അനാസ്ഥയാണ് അവര്‍ കാണിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ആറ് മാസത്തിനിടെ നാല് മനുഷ്യ ജീവനുകളെ പുലി ഇല്ലാതാക്കിയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com