കശ്മീര്‍ കേസുകള്‍ വിശാല ബെഞ്ചിനു വിടില്ല, അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കും

കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ച് അംഗ ബെഞ്ചിന്റെ ഉത്തരവ്
കശ്മീര്‍ കേസുകള്‍ വിശാല ബെഞ്ചിനു വിടില്ല, അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ച് അംഗ ബെഞ്ചിന്റെ ഉത്തരവ്.

കശ്മീരിലെ കേന്ദ്ര നടപടിയെ ചോദ്യംചെയ്ത് ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 370 -ാം  അനുച്ഛേദത്തെ വ്യാഖാനിച്ചുകൊണ്ടു സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ടു വിധികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടണോയെന്ന് കോടതി പരിശോധിച്ചത്.

പ്രേംനാഥ് കൗള്‍, സമ്പത്ത് പ്രകാശ് കേസുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ ബെഞ്ചിന്റെ തീര്‍പ്പ്. അംഞ്ചംഗ ബെഞ്ച് തന്നെ കശ്മീര്‍ കേസുകള്‍ തുടര്‍ന്നും കേള്‍ക്കും.

എന്‍വി രമണയുടെ കൂടാതെ സഞ്ജയ് കിഷന്‍ കൗള്‍, ആര്‍ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത് എ്‌നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. വിശദവാദം കേള്‍ക്കുന്നതിനുള്ള തീയതി തീരുമാനിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com