ഒരു ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്ക്;  പ്രഖ്യാപനവുമായി നരേന്ദ്ര മോദി

ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച വനിതകള്‍ക്കായാണ് അക്കൗണ്ട് മാറ്റിവെക്കുക
ഒരു ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്ക്;  പ്രഖ്യാപനവുമായി നരേന്ദ്ര മോദി


ന്യൂഡല്‍ഹി:  അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച വനിതകള്‍ക്കായാണ് അക്കൗണ്ട് മാറ്റിവെക്കുക. ഇത്തരത്തിലുള്ള വനിതകളെ സംബന്ധിച്ചവിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് മോദി അഭ്യര്‍ത്ഥിച്ചു.

ഒരുദിവസത്തേക്ക് നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയയെ കൈക്കാലാക്കാന്‍ അവസരം എന്ന ബാനറുമായാണ് മോദിയുടെ ട്വീറ്റ്. പ്രചോദനമുണ്ടാക്കിയ വനിതകളുടെ കഥകള്‍ ഷീ ഇന്‍സ്പയേഴ്‌സ് എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യാന്‍ മോദി അഭ്യര്‍ത്ഥിച്ചു.

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു, ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ ഞായറാഴ്ച മാത്രം സമൂഹമാധ്യമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണ് മോദി സൂചിപ്പിച്ചതെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലാണ് മോദിക്ക് അക്കൗണ്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാളാണ് നരേന്ദ്ര മോദി.ഫെയ്‌സ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ നേതാവും. ഡോണള്‍ഡ് ട്രംപ്, ബറാക് ഒബാമ എന്നിവരാണ് മോദിക്കു മുന്നിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com