കൊറോണ ബാധിച്ചയാള്‍ റെസ്‌റ്റോറന്റിലും എത്തി, ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്ക് ജാഗ്രതാനിര്‍ദേശം; ജീവനക്കാരെ 14ദിവസത്തേയ്ക്ക് മാറ്റി താമസിപ്പിക്കും

നഗരത്തെ പ്രമുഖ റെസ്റ്റോറന്റായ ഹയാത്ത് റീജന്‍സിയില്‍ ഇദ്ദേഹം ഭക്ഷണം കഴിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്
കൊറോണ ബാധിച്ചയാള്‍ റെസ്‌റ്റോറന്റിലും എത്തി, ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്ക് ജാഗ്രതാനിര്‍ദേശം; ജീവനക്കാരെ 14ദിവസത്തേയ്ക്ക് മാറ്റി താമസിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കൊറോണ ഭീതിയില്‍. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഡല്‍ഹി സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരികരിച്ച സാഹചര്യത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആറുപേര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഉളളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

നഗരത്തെ പ്രമുഖ റെസ്റ്റോറന്റായ ഹയാത്ത് റീജന്‍സിയില്‍ ഇദ്ദേഹം ഭക്ഷണം കഴിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്ന സമയത്ത് റെസ്‌റ്റോറന്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ഒപ്പം ഭക്ഷണം കഴിച്ചിരുന്നവരെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരെ 14 ദിവസത്തേയ്ക്ക് മാറ്റി താമസിപ്പിക്കും. ഇതിന് പുറമേ ഹോട്ടലിലെ മുഴുവന്‍ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. 

ഫെബ്രുവരി 25ന് ഇദ്ദേഹത്തൊടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരെ കണ്ടെത്തുന്നതിനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവരോട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുളള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. അതിനിടെ കൊറോണ ബാധിതന്‍ കഴിഞ്ഞയാഴ്ച പിറന്നാള്‍ പാര്‍ട്ടി നടത്തിയ സ്‌കൂള്‍ അടച്ചു. കൊറോണ ഭീതിയെത്തുടര്‍ന്ന് ഡല്‍ഹി നോയിഡയിലെ സ്‌കൂളാണ് അടച്ചത്. സ്‌കൂളില്‍ ഇന്നുമുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

കൊറോണ ബാധിതന്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ കുട്ടികള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ അടച്ച് കുട്ടികളെ അടക്കം നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിക്ക് പുറമെ, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഓരോരുത്തര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com