ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിലും സെന്‍ഗര്‍ കുറ്റക്കാരന്‍ ; ശിക്ഷ 12 ന്

അതിക്രൂരമായാണ് ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി
ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിലും സെന്‍ഗര്‍ കുറ്റക്കാരന്‍ ; ശിക്ഷ 12 ന്

ന്യൂഡല്‍ഹി : ഉന്നാവോ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി.  സെന്‍ഗര്‍ അടക്കം ഏഴു പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികളായ നാലുപേരെ കോടതി വിട്ടയച്ചു. 

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഈ മാസം 12 ന് വിധിക്കും. അതിക്രൂരമായാണ് ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ടതെന്ന് വിധി പറയുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സെന്‍ഗര്‍ അടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കി. 304, 120 ബി വകുപ്പുകളാണ് സെന്‍ഗറിനെതിരെ കോടതി ചുമത്തിയത്. 

കേസ് അന്വേഷിച്ച സിബിഐയെ കോടതി പ്രശംസിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വിചാരണയായിരുന്നു ഇതെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ, 2018 ഏപ്രില്‍ 9 നാണ് മരിക്കുന്നത്. സെന്‍ഗറിനും കൂട്ടാളികള്‍ക്കുമെതിരെ പരാതി നല്‍കിയതിന് കള്ളക്കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയും കുടുംബവും ആരോപിച്ചിരുന്നത്. 

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പിതാവ് മര്‍ദനമേറ്റ് മരിച്ചതിന് പിന്നില്‍ സെന്‍ഗറിന്റെ ഗൂഢാലോചനയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കേസില്‍ യുപി പൊലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെയാണ്, കേസ് സിബിഐയെ ഏല്‍പ്പിച്ചത്. സെന്‍ഗര്‍, സഹോദരന്‍ അതുല്‍, അശോക് സിംഗ് ബദൂരിയ, സബ് ഇന്‍സ്‌പെക്ടര്‍ കാംത പ്രസാദ്, കോണ്‍സ്റ്റബിള്‍ ആമിര്‍ ഖാന്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com