കൊറോണ വൈറസ് പടരാതിരിക്കാന്‍ ഗോമൂത്ര പാര്‍ട്ടി, സ്‌പെഷ്യലായി ചാണകം കൊണ്ടുള്ള കേക്ക്

'പരിപാടിയില്‍ ഗോമൂത്രം വിതരണം ചെയ്യുന്നതിനായി കൗണ്ടറുകളുണ്ടാകും. കൂടാതെ ചാണകം കൊണ്ടുള്ള കേക്കുകളും ചന്ദനത്തിരികളുമെല്ലാം നല്‍കും'
കൊറോണ വൈറസ് പടരാതിരിക്കാന്‍ ഗോമൂത്ര പാര്‍ട്ടി, സ്‌പെഷ്യലായി ചാണകം കൊണ്ടുള്ള കേക്ക്

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനം. ഗോമൂത്രവും ചാണകവുമെല്ലാം കൊറോണ വൈറസിനെ പ്രതിരോധിക്കും എന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. ഇതിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ വേണ്ടിയാണ് ഗോമൂത്ര പാര്‍ട്ടി നടത്തുന്നത് എന്ന് സംഘടന പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞതായി ദി പിന്റ് റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ ടീ പാര്‍ട്ടികള്‍ നടത്തുന്നതുപോലെ തന്നെയാണ് ഗോമൂത്ര പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍വെച്ച് എന്താണ് കൊറോണ വൈറസ് എന്നും പശുവില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെയാണ് കൊറോണയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും വ്യക്തമാക്കും. പരിപാടിയില്‍ ഗോമൂത്രം വിതരണം ചെയ്യുന്നതിനായി കൗണ്ടറുകളുണ്ടാകും. കൂടാതെ ചാണകം കൊണ്ടുള്ള കേക്കുകളും ചന്ദനത്തിരികളുമെല്ലാം നല്‍കും. ഇത് ഉപയോഗിച്ചാല്‍ വളരെ പെട്ടെന്ന് വൈറസിനെ കൊല്ലാനാകും.' മഹാരാജ് പറഞ്ഞു. 

ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുക. തുടര്‍ന്ന് ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും. കൊറോണയെ തുരത്താന്‍ ഞങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറുള്ള രാജ്യത്തെ ഗോശാല നടത്തിപ്പുകാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് കൂടുതല്‍ ഭാഗത്തേക്ക് കൊറോണ വൈറസ് പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആറാമത്തെ കേസ് സ്ഥിരീകരിച്ചതോടെ ജാഗരൂകരാവാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com