ഒരാള്‍ക്ക് കൂടി കൊറോണ ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 29 ; സംസ്ഥാനത്ത് 469 പേര്‍ നിരീക്ഷണത്തില്‍

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി ശൈലജ പറഞ്ഞു
ഒരാള്‍ക്ക് കൂടി കൊറോണ ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 29 ; സംസ്ഥാനത്ത് 469 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : പേ ടിഎം ജീവനക്കാരന് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി. ജീവനക്കാരന് രോഗബാധ സ്ഥിരീകരിച്ചതോടെ ഗുരുഗ്രാമിലെ പേടിഎം ഓഫീസ് അടച്ചു. അടുത്തിടെ ഇയാള്‍ ഇറ്റലി സന്ദര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 

നേരത്തെ ഇറ്റലിയില്‍ നിന്നെത്തിയ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് കൊറോണ ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സംഘത്തിനൊപ്പം സഞ്ചരിച്ച ഡ്രൈവര്‍ക്കും രോഗം പകര്‍ന്നതായി കണ്ടെത്തി. രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം ഡല്‍ഹിയിലെ ഐടിബിപി ക്യാമ്പിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ഈ ക്യാമ്പിലെ ആറുപേര്‍ക്ക് കൂടി കൊവിഡ് -19 സംശയിക്കുന്നുണ്ട്. 

കേരളത്തില്‍ വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇവരില്‍ 438 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 11 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കി. സംശയാസ്പദമായവരുടെ 552 സാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 511 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു. 

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവിദഗ്ധര്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും.  വൈറസ് പരിശോധനയ്ക്കായി രാജ്യത്ത് 19 ലാബുകള്‍ കൂടി തുടങ്ങും. ജനങ്ങള്‍ പരമാവധി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ചൈന, ഇറാന്‍, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം. മറ്റുരാജ്യങ്ങളിലേക്ക് അടിയന്തര ആവശ്യമല്ലെങ്കില്‍ യാത്ര ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.  ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാത്തരം വിസകളും റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് അടിയന്തരമായി എത്തേണ്ടവര്‍ പുതിയ വിസ്‌ക്ക അപേക്ഷിക്കണം. ഇന്ത്യയിലേക്കെത്തുന്ന എല്ലാ വിമാനയാത്രക്കാരും സാക്ഷ്യപത്രങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍ അഡ്രസ് ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുള്ള വിവരങ്ങള്‍ ഇതില്‍ വ്യക്ത്മാക്കണമെന്ന്  കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com