കൊറോണ നഗരത്തില്‍ മാത്രം, ഗ്രാമങ്ങള്‍ സുരക്ഷിതം ; വൈറസിനെ തകര്‍ക്കാന്‍ ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്നും എംപി

വിദേശത്തു നിരന്തരം സന്ദര്‍ശനം നടത്തുന്നവരെ സര്‍ക്കാര്‍ കര്‍ശനമായി പരിശോധിക്കണം
കൊറോണ നഗരത്തില്‍ മാത്രം, ഗ്രാമങ്ങള്‍ സുരക്ഷിതം ; വൈറസിനെ തകര്‍ക്കാന്‍ ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്നും എംപി

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധ നഗരങ്ങളില്‍ മാത്രമാണെന്നും, രാജ്യത്തെ ഗ്രാമങ്ങള്‍ സുരക്ഷിതമാണെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്. കൊറോണ പടരുന്നത് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഗ്രാമങ്ങളിലേക്ക് ഇതെത്തിയിട്ടില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും രാംഗോപാല്‍ യാദവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

വിദേശത്തു നിരന്തരം സന്ദര്‍ശനം നടത്തുന്നവരെ സര്‍ക്കാര്‍ കര്‍ശനമായി പരിശോധിക്കണം. കൊറോണയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്നതില്‍ സംശയമില്ല. എന്നാല്‍ ഇതിന്റെ പേരില്‍ പരിഭ്രാന്തി പടര്‍ത്തരുത്. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ടെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു. 

മാര്‍ച്ച് നാലുവരെ രാജ്യത്ത് 29 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാംഗോപാല്‍ യാദവിന്റെ പ്രസ്താവന. ഇന്നലെ വരെ കൊറോണ സംശയത്തില്‍ രാജ്യത്ത് 28529 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. 

സ്ഥിതിഗതികള്‍ താന്‍ നേരിട്ട് നിരീക്ഷിച്ചുവരികയാണ്. വിവിധ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കടുത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും വിദേശത്തുനിന്നെത്തുന്ന എല്ലാവരെയും കര്‍ശന സ്‌ക്രീനിങിന് വിധേയരാക്കുമെന്നും മന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com