ഡല്‍ഹി കലാപം; മരണ സംഖ്യ 53 ആയി ഉയര്‍ന്നു; 654 കേസുകള്‍, 1,820 പേര്‍ പിടിയിലെന്ന് പൊലീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 05th March 2020 09:30 PM |
Last Updated: 05th March 2020 09:30 PM | A+A A- |

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയതോടെയാണ് കലാപം ഉടലെടുത്തത്.
ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് ഇന്ന് മരിച്ചത്. കലാപത്തിനിടെ 44 പേരാണ് ജിടിബി ഹോസ്പിറ്റലില്‍ മരിച്ചത്. ഇതില്‍ 43 പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. എല്‍എന്‍ജെപി ഹോസ്പിറ്റലില്‍ മൂന്ന് പേരും ആര്‍എംഎല്‍ ഹോസ്പിറ്റലില്‍ അഞ്ച് പേരും മരിച്ചു. ജഗ് പ്രവേശ് ചന്ദ്ര ഹോസ്പിറ്റലിലാണ് ഒരാള്‍ മരിച്ചത്. 20 നും 40 വയസിനുമിടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് ജിടിബി ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 298 പേര്‍ ജിടിബിയില്‍ ചികിത്സയില്‍ കഴിയുന്നു.
അതിനിടെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെയായി 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഇതില്‍ 47 കേസുകള്‍ ആയുധം കൈവശം വച്ചതിനാണ് എടുത്തിരിക്കുന്നത്. 1,820 പേരെ കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു. മത സ്പര്‍ധ വളര്‍ത്തി കലാപത്തിന് ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.