കനത്തമഴയ്ക്കിടെ ആകാശത്ത് നിന്ന് 'തീഗോളം' ഭൂമിയില്‍; പരിഭ്രാന്തി, വിദഗ്ധ പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th March 2020 11:14 PM  |  

Last Updated: 07th March 2020 11:15 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആകാശത്ത് നിന്ന് തീഗോളം പോലെ തോന്നിപ്പിക്കുന്ന വസ്തു ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍.സംഭവത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. സോഡിയം അടങ്ങിയ വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ഗാസിയബാദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഉല്‍ക്ക പോലെയുളള ഒരു വസ്തു ഭൂമിയില്‍ പതിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് എത്തിയതെന്ന് അഗ്നിശമന സേനാവിഭാഗം പറയുന്നു. കനത്തമഴയ്ക്കിടെ, ഇടിവെട്ട് ശബ്ദത്തോടെയാണ് തീഗോളം പോലെ തോന്നിപ്പിക്കുന്ന വസ്തു ഭൂമിയില്‍ പതിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. 

തീ അണച്ചെങ്കിലും തീഗോളം പോലെ തോന്നിപ്പിക്കുന്ന വസ്തുവില്‍ നിന്ന് പുക ഉയരുന്നുണ്ടെന്ന് അഗ്നിശമന സേനാവിഭാഗം അറിയിച്ചു. സംഭവം അറിഞ്ഞ് ജിയോളജിസ്റ്റ് എസ് സി ശര്‍മ്മയുടെ നേതൃത്വത്തിലുളള സംഘത്തെ സംഭവസ്ഥലത്തേയ്ക്ക് അയച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. 

സോഡിയം പോലെ തോന്നിപ്പിക്കുന്ന വസ്തു ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വെളളവുമായുളള സമ്പര്‍ക്കത്തിലാണ് ഇതില്‍ നിന്ന് തീ ഉയരുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലക്‌നൗവിലേക്ക് അയച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.