മൗനം തുടര്‍ന്ന് സിന്ധ്യ ; പന്നിപ്പനി മൂലമെന്ന് ദിഗ് വിജയ് സിങ് ; അനുരഞ്ജന നീക്കങ്ങള്‍

സിന്ധ്യ ക്യാമ്പ് ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. സിന്ധ്യയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്
മൗനം തുടര്‍ന്ന് സിന്ധ്യ ; പന്നിപ്പനി മൂലമെന്ന് ദിഗ് വിജയ് സിങ് ; അനുരഞ്ജന നീക്കങ്ങള്‍

ഭോപ്പാല്‍ : മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇടഞ്ഞുനില്‍ക്കുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിന്ധ്യയ്ക്ക് പിസിസി അധ്യക്ഷപദം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. 

സിന്ധ്യ ക്യാമ്പ് ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. സിന്ധ്യയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതേസമയം പ്രശ്‌നപരിഹാരനീക്കങ്ങള്‍ കോണ്‍ഗ്രസ് തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. 29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചത്. അനുനയ നീക്കങ്ങള്‍ തുടരുമ്പോഴും ജ്യോതിരാദിത്യ സിന്ധ്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

അനുരഞ്ജനത്തിനായി പാര്‍ട്ടി തലപ്പത്ത് തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്' പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ധര്‍മ്മബോധമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ തുടരും. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ് വിജയ് സിങ്ങും പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുള്ള ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട്.

സ്വതന്ത്രര്‍ (നാല്), ബി.എസ്.പി. (രണ്ട്), എസ്.പി. (ഒന്ന്) എന്നിവയുടെ പിന്തുണയോടെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവും. ദിഗ് വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഇതു നല്‍കിയാല്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാല്‍ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ കമല്‍നാഥിന്റെ ശ്രമം നടത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com