വിശ്വാസവോട്ടെടുപ്പിന് കാത്തുനിന്നില്ല ; മധ്യപ്രദേശില്‍ കമല്‍നാഥ് രാജിവെച്ചു

എംഎല്‍എമാരെ രാജിവെപ്പിച്ചത് ബിജെപിയുടെ ഗൂഢാലോചനയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓരോദിവസവും ഗൂഡാലോചന നടത്തി
വിശ്വാസവോട്ടെടുപ്പിന് കാത്തുനിന്നില്ല ; മധ്യപ്രദേശില്‍ കമല്‍നാഥ് രാജിവെച്ചു

ഭോപ്പാല്‍ :മധ്യപ്രദേശിലെ രാഷ്ട്രീയനാടകങ്ങള്‍ക്ക് അന്ത്യം. വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. രാജിക്കത്ത് ഇന്നുതന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചു. കമല്‍നാഥിനോട് ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ കഴിഞ്ഞദിവസം രാത്രി 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി സ്പീക്കര്‍ പ്രജാപതി അംഗീകരിച്ചിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി  വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 

കഴിഞ്ഞ 15 മാസം സംസ്ഥാനത്തെ ശരിയായ ദിശയില്‍ നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എംഎല്‍എമാരെ രാജിവെപ്പിച്ചത് ബിജെപിയുടെ ഗൂഢാലോചനയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓരോദിവസവും ഗൂഡാലോചന നടത്തി. കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് എംഎല്‍എമാരെ രാജിവെപ്പിച്ചത്.  ഒരു മഹാരാജവും കുറേ ദൃത്യന്മാരും നടത്തിയ ചരടുവലികള്‍ വൈകാതെ പുറത്തുവരും. വഞ്ചകര്‍ക്ക് മധ്യപ്രദേശ് ജനത മാപ്പുനല്‍കില്ലെന്നും കമല്‍നാഥ് രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഒരു അട്ടിമറിയിലൂടെയല്ലാതെ നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഇതോടെ മധ്യപ്രദേശില്‍ ബിജെപി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com