യാത്രാക്കൂലിയുടെ 85 ശതമാനവും സബ്‌സിഡി, ഈടാക്കുന്നത് 15 ശതമാനം മാത്രം, ട്രെയിനില്‍ ഭക്ഷണം സൗജന്യം; അതിഥി തൊഴിലാളികളുടെ യാത്രയില്‍ റെയില്‍വേയുടെ വിശദീകരണം

വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ചെലവിന്റെ 85 ശതമാനം സബ്‌സിഡി നല്‍കുന്നതായി ഇന്ത്യന്‍ റെയില്‍വേ.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:   വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ചെലവിന്റെ 85 ശതമാനം സബ്‌സിഡി നല്‍കുന്നതായി റെയില്‍വേ. യാത്രാ കൂലിയുടെ 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളില്‍ നിന്നും ഈടാക്കുന്നതെന്നും റെയില്‍വേ വ്യക്തമാക്കി.

അതിഥി തൊഴിലാളികളുടെ യാത്രാ കൂലി പൂര്‍ണമായി കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ്, റെയില്‍വേയുടെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യാത്രാക്കൂലിയുടെ 85 ശതമാനം സബ്‌സിഡി നല്‍കുന്നതായി റെയില്‍വേ വിശദീകരിച്ചത്.

ഒരു കുടിയേറ്റ തൊഴിലാളിക്കും ടിക്കറ്റ് വില്‍ക്കുന്നില്ല. സംസ്ഥാനങ്ങള്‍ നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇവരെ ട്രെയിനില്‍ കയറ്റുന്നതെന്നും റെയില്‍വേ വ്യക്തമാക്കി. അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ശ്രമിക് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ബെര്‍ത്തുകള്‍ ഒഴിവാക്കി സാമൂഹിക അകലം പാലിച്ചാണ് ഇവരെ നാട്ടില്‍ എത്തിക്കുന്നത്. ട്രെയിനില്‍ സൗജന്യ ഭക്ഷണവും വെളളവും നല്‍കുന്നുണ്ടെന്നും റെയില്‍വേ പറയുന്നു.

അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ നിലവില്‍ 34 ട്രെയിനുകള്‍ ഓടിച്ചതായി റെയില്‍വേ വ്യക്തമാക്കി.  ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി സാമൂഹിക ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റെയില്‍വേ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com