'എങ്ങനെ ബലാത്സംഗം ചെയ്യാം', കൗമാരക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ വെളിപ്പെടുത്തുന്ന ചാറ്റുകള്‍; സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍, 20 ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞു, അന്വേഷണം 

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ച നടത്തിയ കൗമാരക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍
'എങ്ങനെ ബലാത്സംഗം ചെയ്യാം', കൗമാരക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ വെളിപ്പെടുത്തുന്ന ചാറ്റുകള്‍; സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍, 20 ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞു, അന്വേഷണം 

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ച നടത്തിയ കൗമാരക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍. കൂടുതല്‍ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരിലുളള ഗ്രൂപ്പില്‍ കൗമാരക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ വെളിപ്പെടുത്തുന്ന ചാറ്റുകള്‍ പുറംലോകം അറിഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് പിടിയിലായത്. ഗ്രൂപ്പില്‍ 20ലധികം ആണ്‍കുട്ടികള്‍ സജീവമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പിടിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരുന്നു. ദക്ഷിണ ഡല്‍ഹിയിലെ അഞ്ചോളം സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഇതിന് പിന്നില്‍. നിലവില്‍ ഈ ഗ്രൂപ്പ് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുളള ചാറ്റുകള്‍ രക്ഷിതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ലൈംഗിക വൈകൃതങ്ങള്‍ സ്‌കൂള്‍ അധികൃതരിലും നടുക്കം ഉളവാക്കിയിരിക്കുകയാണ്. ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരിലുളള ഗ്രൂപ്പിന്റെ വിശദാംശങ്ങള്‍ തേടി സൈബര്‍ പൊലീസ് ഇന്‍സ്റ്റാഗ്രാമിന് കത്തയച്ചു.

ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി തന്റെ സഹപാഠികളടക്കം ഉള്‍പ്പെട്ട കൗമാരക്കാരുടെ വൈകൃതങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ ഡല്‍ഹി പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

സഹപാഠികള്‍ അടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവളെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നതടക്കം ഈ രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നതായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സൗത്ത് ഡല്‍ഹിയിലെ 17-18 പ്രായമുള്ളവരുടെ സംഘമാണ് ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് അതില്‍ നിറയെ എന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com