ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30വരെ സമയം: ടിഡിഎസ്,ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു; നാളെമുതല്‍ പ്രാബല്യത്തില്‍

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30വരെ സമയം: ടിഡിഎസ്,ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു; നാളെമുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടിനല്‍കും.
ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 2021 മാര്‍ച്ച് 31വരെ ഇതിന് കാലാവധിയുണ്ട്. ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 50,000കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ നല്‍കും. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് ആവശ്യമില്ല. തിരിച്ചടവിന് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. ഇതുകൊണ്ട് നാല്‍പ്പത്തിയഞ്ച് ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കും.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

സൂക്ഷ്മ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടം നിര്‍വചനം പരിഷ്‌കരിച്ചു. ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരംവിഭാഗത്തിലും പെടും.

72.22ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. 6750കോടി ഇതിനായി മാറ്റിവയ്ക്കും. 15,000 രൂപയില്‍ താഴെ വരുമാനമുള്ള നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ളിടത്ത് പി എഫ് വിഹിതം പത്തു ശതമാനമായി കുറച്ചു.

3.6ലക്ഷം സ്ഥാപനങ്ങള്‍ക്ക് 2500കോടിയുടെ ധനലഭ്യത ഉറപ്പാക്കും. 200കോടിവരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്റര്‍ ക്ഷണിക്കില്ല. സര്‍ക്കാര്‍ കരാറുകള്‍ തീര്‍ക്കാന്‍ ആറുമാസം കൂടി സമയം നീട്ടി നല്‍കും. 2020 മാര്‍ച്ച് 25നോ അതിനു മുന്‍പോ കാലാവധി അസാനിക്കേണ്ടിയിരുന്ന എല്ലാ രജിസ്‌റ്റേര്‍ഡ് പദ്ധതികളുടെയും രഡിസ്‌ട്രേഷനും പൂര്‍ത്തീകകണ കാലാവധിയും ആറുമാസം കൂടി നീട്ടി നല്‍കും.

നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്ക് വേണ്ടി 30,000കോടി മാറ്റിവച്ചു. ഊര്‍ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താന്‍ 90,000കോടി മാറ്റിവയ്ക്കും.

കഴിഞ്ഞദിവസം പ്രധാനമന്ത്രി പറഞ്ഞ ആത്മനിര്‍ഭര്‍ അഭിയാന്റെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ടായിരുന്നു ധനമന്ത്രി പ്രഖ്യാപനം ആരംഭിച്ചത്. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യമെന്ന് നിര്‍മ്മല പറഞ്ഞു. ഭൂമി, ധനം, തൊഴില്‍ ലഭ്യത, നിയമം എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ആധാര ശിലകള്‍. ഏഴ് മേഖലകളില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് നടപ്പാക്കിയത്. എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടു. വളര്‍ച്ച വര്‍ദ്ധിപ്പിക്കിലാണ് പാക്കേജിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ശക്തമായ തുടര്‍ച്ചയുണ്ടാകും. സമ്പദ്ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ വിജയമായിരുന്നു. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി നാല്‍പ്പത്തിയൊന്ന് കോടി ജനങ്ങള്‍ക്ക് 52606കോടി നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com