സാമ്പത്തിക പ്രതിസന്ധി; ഓണ്‍ലൈന്‍ ടാക്‌സി കമ്പനി 'ഒല' 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു

സാമ്പത്തിക പ്രതിസന്ധി; ഓണ്‍ലൈന്‍ ടാക്‌സി കമ്പനി 'ഒല' 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു
സാമ്പത്തിക പ്രതിസന്ധി; ഓണ്‍ലൈന്‍ ടാക്‌സി കമ്പനി 'ഒല' 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ 'ഒല' 1,400ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. കോവിഡ് 19 വ്യാപനം കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. ഡ്രൈവര്‍മാര്‍, സാമ്പത്തിക മേഖലയിലെ ജോലിക്കാര്‍, ഭക്ഷണ വിതരണ ജീവനക്കാര്‍ എന്നിവരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടുകയാണെന്ന് കാണിച്ച് കമ്പനി ജീവനക്കാര്‍ക്ക് ഇ മെയില്‍ അയച്ചു. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി കമ്പനിയുടെ വരുമാനത്തില്‍ 95 ശതമാനം നഷ്ടമാണുണ്ടായതെന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ബിസിനസ് അനിശ്ചിതത്വത്തിലും അവ്യക്തതയിലുമാണ് നീങ്ങുന്നതെന്നും പ്രതിസന്ധി ദീര്‍ഘ കാലത്തേയ്ക്കുണ്ടാകുമെന്നും കമ്പനി ജീവനക്കാര്‍ക്കയച്ച ഇ മെയിലില്‍ ഭവിഷ് പറയുന്നു. 

തുടക്കത്തില്‍ ഡ്രൈവര്‍മാരെയാണ് പിരിച്ചുവിടുന്നത്. പിന്നാലെ സാമ്പത്തിക, ഭക്ഷണ വിതരണ മേഖലകളിലെ ജീവനക്കാരെയും ഒഴിവാക്കാനാണ് തീരുമാനം. ലോകം പെട്ടെന്ന് കോവിഡിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് പോകില്ലെന്ന് ഉറപ്പാണെന്നും ഭവിഷ് വ്യക്തമാക്കി. 

നേരത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ എന്നിവയും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. യൂബര്‍ 3,000ത്തോളം ജീവനക്കാരെയാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com