രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിപൂര്‍ണ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രം

ലോക്ക്ഡൗണ്‍ ലംഘനങ്ങളില്‍ സംസ്ഥാനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിപൂര്‍ണ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രം


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘനങ്ങളില്‍ സംസ്ഥാനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിപൂര്‍ണ ലോക്ക്ഡൗണ്‍ ഉറപ്പാക്കണം. രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും വന്‍വര്‍ധനവാണ് ഉണ്ടായത്. ഇരുപത്തിനാലുമണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,609 കേസുകളും 132 മരണവുമാണ്. രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 112, 359ആയി. ആകെ മരണം 3, 435 ആണ്.

രാജ്യത്ത് ഒരുദിവസം അയ്യായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിഭാസം തുടരുകയാണ്. അയ്യായിരത്തി അറുനൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായ രണ്ടാംദിവസമാണ്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ നാല്‍പതിനായിരത്തിനടുത്താണ്. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാംദിവവസവും അഞ്ഞൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 11659 ആയി. ഉത്ത!ര്‍പ്രദേശിലെ ബാരാബങ്കിയില്‍ 95 കേസുകളാണ് ഒറ്റദിവസം സ്ഥിരീകരിച്ചത്. 

ഇതില്‍ പകുതിയിലധികം കേസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളികളാണെന്ന് ആശങ്ക ഉയര്‍ത്തുന്നു. അതേസമയം, രോഗവ്യാപനത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇതുവരെ നാല്‍പ്പത്തി അയ്യായിരത്തി മൂന്നൂറ് പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മൂവായിരത്തി മൂന്ന് പേരാണ് രോഗമുക്തി നേടിയത്. കോവിഡ് വ്യാപനം രൂക്ഷമായ 15 രാജ്യങ്ങളുമായി ജനസംഖ്യാടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട അവസ്ഥയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്ക, റഷ്യ, സ്‌പെയിന്‍, ബ്രസീല്‍, ബ്രിട്ടന്‍, ഇറ്റലി തുടങ്ങി രോഗവ്യാപനം രൂക്ഷമായ പതിനഞ്ച് രാജ്യങ്ങളുടെ ആകെ ജനസംഖ്യ 142 കോടിയാണ്. ഈ രാജ്യങ്ങളില്‍ ആകെ കോവിഡ് കേസുകള്‍ 37 ലക്ഷമാണ്. രണ്ടേമുക്കാല്‍ ലക്ഷം പേര്‍ മരിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com