പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നീട്ടിവയ്ക്കണം; കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ 

ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയേക്കും. റെയില്‍ യാത്രക്കാരെ ഒറ്റയടിക്കു കൈകാര്യം ചെയ്യുകയെന്നത് ആരോഗ്യസംവിധാനത്തിന്റെ പരിധിക്കു പുറത്താണ്
പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നീട്ടിവയ്ക്കണം; കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനങ്ങള്‍. ഒരു മാസത്തേക്കെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് മാറ്റിവയ്ക്കണമെന്ന് ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കുടിയേറ്റത്തൊഴിലാളികളെ എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസ് ഒഴികെയുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ മാറ്റിവയ്ക്കാനാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കുടിയേറ്റത്തൊഴിലാളികളെ പരിശോധിക്കുകയും ക്വാറന്റൈനില്‍ വിടുകയും ചെയ്യുന്നതിലാണ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. പാസഞ്ചര്‍ സര്‍വീസുകള്‍ തുടങ്ങുന്നതിലൂടെ അത്തരം യാ്ത്രക്കാരെക്കൂടി ഇതിനൊപ്പം പരിശോധിക്കുകയും ക്വാന്റൈന്‍ സംവിധാനം ഒരുക്കുകയും വേണ്ടിവരും. ഇതു സംസ്ഥാനങ്ങള്‍ക്കു മേല്‍ അധിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിലുടെ എത്തുന്നവരെ പരിശോധിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും കുറെക്കൂടി എളുപ്പത്തില്‍ ചെയ്യാനാവുമെന്നാണ് സംസ്ഥാനങ്ങള്‍ പറയുന്നത്. എന്നാല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയേക്കും. റെയില്‍ യാത്രക്കാരെ ഒറ്റയടിക്കു കൈകാര്യം ചെയ്യുകയെന്നത് ആരോഗ്യസംവിധാനത്തിന്റെ പരിധിക്കു പുറത്താണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന ഒഡിഷ ആരോഗ്യമന്ത്രി ടിഎസ് സിങ്‌ദേവ് പറഞ്ഞു. കേന്ദ്രത്തോട് ആവശ്യപ്പെടുകയല്ലാതെ ട്രെയിന്‍ സര്‍വീസ തടയാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റത്തൊഴിലാളികള്‍ എത്താന്‍ തുടങ്ങിയ ശേഷം പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ കുറവായിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇതില്‍ മാറ്റം വന്നു. പലയിടത്തും കേസുകള്‍ ഇരട്ടിയായി. ഇതു കണക്കിലെടുത്താണ് സംസ്ഥാനങ്ങള്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനെ ജാഗ്രതയോടെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ശ്രമിക് ട്രെയിനുകള്‍ക്കു പുറമേ സ്‌പെഷല്‍ ട്രെയിനുകളും റെയില്‍വേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത ഒന്നാം തീയതി മുതല്‍ 200 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി ഓടിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com