നിര്‍മ്മല സീതാരാമന്‍ പുറത്തേക്ക് ? ; കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ധനകാര്യ വകുപ്പിന്റെ ചുമതലയിലേക്ക് സാമ്പത്തിക വിദഗ്ധനായ ഒരാളെ കൊണ്ടു വരികയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്
നിര്‍മ്മല സീതാരാമന്‍ പുറത്തേക്ക് ? ; കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഉണര്‍വേകുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി അഴിച്ചുപണിക്കൊരുങ്ങുന്നത്.

നോര്‍ത്ത് ബ്ലോക്കില്‍, ധനകാര്യ വകുപ്പിന്റെ ചുമതലയിലേക്ക് സാമ്പത്തിക വിദഗ്ധനായ ഒരാളെ കൊണ്ടു വരികയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. നാഷണല്‍ ഡെബിറ്റ് ബാങ്കിന്റെ അധ്യക്ഷപദം ഒഴിഞ്ഞ സാമ്പത്തിക വിദഗ്ധന്‍ കെ വി കാമത്തിന്റെ പേരാണ് ധനകാര്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും  ഉയര്‍ന്നു കേള്‍ക്കുന്നത്. മറ്റൊരു പ്രമുഖ സാമ്പത്തിക കാര്യ വിദഗ്ധനായ നന്ദന്‍ നിലേകനിയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.

കൂടാതെ, റെയില്‍വേ, കൃഷി, മാനവവിഭവശേഷി വകുപ്പ് മന്ത്രിമാരും മാറുമെന്ന് അഭ്യൂഹമുണ്ട്. നിലവിലെ മന്ത്രിമാരായ ഏതാനും പേരെ പാര്‍ട്ടി ചുമതലകളിലേക്ക് നിയോഗിക്കുമെന്നാണ് സൂചന. മുന്‍കേന്ദ്രമന്ത്രി സുരേഷ് പ്രഭു, കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എഐഎഡിഎംകെയ്ക്ക് ഒരു സഹമന്ത്രി പദവി കൂടി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന വിധത്തിലാകും മന്ത്രിസഭാ പുനസംഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ശനിയാഴ്ചയാണ് അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ സംവാദങ്ങളും സംഘടിപ്പിച്ച് ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് പാര്‍ട്ടി തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com