'മനുസ്മൃതി നിയമ പുസ്തകമല്ല; ഭാവനയ്ക്ക് അനുസരിച്ച് വ്യഖ്യാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്'- മദ്രാസ് ഹൈക്കോടതി

'മനുസ്മൃതി നിയമ പുസ്തകമല്ല; ഭാവനയ്ക്ക് അനുസരിച്ച് വ്യഖ്യാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്'- മദ്രാസ് ഹൈക്കോടതി
'മനുസ്മൃതി നിയമ പുസ്തകമല്ല; ഭാവനയ്ക്ക് അനുസരിച്ച് വ്യഖ്യാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്'- മദ്രാസ് ഹൈക്കോടതി

ചെന്നൈ: മനുസ്മൃതി പ്രത്യേക രീതിയില്‍ മാത്രം വായിക്കേണ്ട ഒരു നിയമ പുസ്തകമൊന്നുമല്ലെന്ന് മദ്രാസ് ഹൈക്കോടതി. 2,000 വര്‍ഷം പഴക്കമുള്ള പുരാതന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും അത് ഓരോരുത്തര്‍ക്കും അവരുടെ ഭാവനയ്ക്ക് വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. 

മനുസ്മൃതിയെ അപമാനിച്ചുവെന്ന് കാട്ടി വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവും എംപിയുമായ തോള്‍ തിരുമാവളവന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എം സത്യനാരായണന്‍, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

പെരിയാറുടെ സംഭാവനകള്‍ സംബന്ധിച്ച് ഒരു വെബ്ബിനാറില്‍ സംസാരിക്കവേയാണ് തിരുമാവളവന്‍ മനുസ്മൃതിയെ തള്ളിപ്പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ ബിജെപി വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ അംഗത്വം റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. തിരുമാവളവന്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും എംപിയായി അധികാരമേറ്റപ്പോള്‍ താന്‍ ചെയ്ത സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായ മനുസ്മൃതി തെറ്റായി വ്യാഖ്യാനിച്ചുവെന്നും പൊതുതാതപര്യ ഹര്‍ജിയില്‍ ആരോപിച്ചു. 

തിരുമാവളവന്‍ മനുസ്മൃതിയെ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചു. അതിനെക്കുറിച്ച് നമുക്ക് എന്തുചെയ്യാന്‍ കഴിയും? എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. നിയമപരമായ വ്യവസ്ഥയുടെ എന്ത് ലംഘനമാണ് ഈ വിഷയത്തിലുള്ളതെന്നും കോടതി ആരാഞ്ഞു. ധാര്‍മ്മികത നിയമാനുസൃതമല്ല അത് അടിച്ചേല്‍പ്പിക്കാനും കഴിയില്ല ബെഞ്ച് നിരീക്ഷിച്ചു. 

തിരുമാവളവന്റെ നിലപാട് അശാന്തി സൃഷ്ടിക്കുകയും വിവിധ വിഭാഗങ്ങളില്‍ വെറുപ്പും പ്രകോപനവും സൃഷ്ടിക്കുകയും ചെയ്തു. പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചുവെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. 

എന്നാല്‍, ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കോടതിക്ക് എന്തുചെയ്യാന്‍ കഴിയും. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മാന്യതയ്ക്കും ധാര്‍മ്മികതയ്ക്കും അതീതമാണെങ്കില്‍ നടപടിയെടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണെന്നും കോടതി വ്യക്തമാക്കി. 

ഉചിതമായ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഹര്‍ജി സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യത്തോടുള്ള അപേക്ഷ പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ കോടതിയുടെ അനുമതി തേടി. ഇക്കാര്യത്തില്‍ കോടതി ഹര്‍ജിക്കാരന് അനുവാദവും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com