ആര്‍ജെഡിക്കും ഇടത് പാര്‍ട്ടികള്‍ക്കും ഒപ്പം ഓടിയെത്താന്‍ പറ്റിയില്ല; ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്

70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
ആര്‍ജെഡിക്കും ഇടത് പാര്‍ട്ടികള്‍ക്കും ഒപ്പം ഓടിയെത്താന്‍ പറ്റിയില്ല; ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അടിപതറിയെന്ന് ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. മഹാസഖ്യത്തില്‍ ആര്‍ജെഡിയുടെയും ഇടത് പാര്‍ട്ടികളുടെയും പ്രകടനത്തിനൊപ്പം തങ്ങള്‍ക്ക് എത്താന്‍ സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. 

'അവരുടെ പ്രകടനം ഞങ്ങളെക്കാള്‍ മികച്ചതായിരുന്നു. അവരെപ്പോലെ ഞങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ മഹാസഖ്യം ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചേനെ. അത് ബിഹാറിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഒരു മാറ്റം വേണമെന്ന് അവര്‍ക്ക് താത്പര്യമുണ്ടായിരുന്നു. തോല്‍വിയെപ്പറ്റി ബിഹാറിലെ മുതിര്‍ന്ന നേതാക്കളുമായും സ്ഥാനാര്‍ത്ഥികളുമായും ജില്ലാ കമ്മിറ്റികളുമായും ചര്‍ച്ച നടത്തി നിഗമനത്തിലെത്തും'- താരിഖ് പറഞ്ഞു. 

70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 2015നെക്കാള്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്.  ആര്‍ജെഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 29 ഇടത്ത് മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടിയിരുന്നു. 110 സീറ്റുകളാണ് മഹാസഖ്യത്തിന് ആകെ ലഭിച്ചത്. എന്‍ഡിഎ സഖ്യം 125 സീറ്റുകള്‍ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com