'പറ്റിയതല്ലെന്ന് തോന്നുന്നെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാം'; വിമര്‍ശനങ്ങളോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതൃത്വം

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തണമെന്ന് ആവശ്യമുന്നയിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി
'പറ്റിയതല്ലെന്ന് തോന്നുന്നെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാം'; വിമര്‍ശനങ്ങളോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തണമെന്ന് ആവശ്യമുന്നയിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ക്ക് പുതിയ പാര്‍ട്ടിയുണ്ടാക്കുകയോ മറ്റു പാര്‍ട്ടികളില്‍ ചേരുകയോ ചെയ്യാമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ജനം കോണ്‍ഗ്രസിനെ ഒരു ബദലായി കാണുന്നില്ലെന്ന കപില്‍ സിബലിന്റെ വിമര്‍ശനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസ് പറ്റിയ പാര്‍ട്ടിയല്ലെന്ന് തോന്നുന്നെങ്കില്‍ അവര്‍ക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കാം, അല്ലെങ്കില്‍ പുരോഗമനപരമാണെന്നും അവര്‍ക്ക് പറ്റിയതാണെന്നും കരുതുന്ന പാര്‍ട്ടിയില്‍ അവര്‍ക്ക് ചേരാം'- ചൗധരി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ലജ്ജാകരമായ പ്രസ്താവനകള്‍ നടത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വേണ്ടി ചെറുവിരല്‍ പോലും അനക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രശ്‌നം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി നേതൃത്വത്തിനും അറിയാം എന്നാല്‍ ആത്മപരിശോധന നടത്തി അതു തിരുത്താന്‍ ആരും തയാറാകുന്നില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com