മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി, വീട്ടില്‍ തിരിച്ചെത്തിച്ചത് ശ്രമകരമായ അന്വേഷണത്തിലൂടെ, ധീരതയ്ക്ക് സര്‍വീസ് നോക്കാതെ സ്ഥാനക്കയറ്റം 

രാജ്യതലസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് സ്ഥാനക്കയറ്റം
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് സ്ഥാനക്കയറ്റം. പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി കാണാതായ കുട്ടികളെ കണ്ടെത്തുന്ന പൊലീസുകാര്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള പ്രോത്സാഹന പദ്ധതി ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മൂന്ന് മാസത്തിനിടെ സീമാ ധാക്ക കാണാതായ 76 കുട്ടികളെ കണ്ടെത്തിയത്. 

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പൂര്‍ ബഡ്‌ലി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമാ ധാക്ക. മൂന്ന് മാസത്തിനിടെ കണ്ടെത്തിയ 76 കുട്ടികളില്‍ 56 പേര്‍ 14 വയസില്‍ താഴെയുള്ളതാണ്. ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയാണ് സീമാ ധാക്ക കുട്ടികളെ കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഊഴം അനുസരിച്ച് സ്ഥാനക്കയറ്റം നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഈ പ്രത്യേക ദൗത്യത്തില്‍ പങ്കെടുത്ത് 50ലധികം കുട്ടികളെ കണ്ടെത്തി തിരിച്ചുവീട്ടില്‍ എത്തിക്കുന്ന കോണ്‍സ്റ്റബിള്‍മാര്‍ക്കും ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഊഴം നോക്കാതെ ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കും എന്നതായിരുന്നു പ്രഖ്യാപനം. ഈ 50 കുട്ടികളും പതിനാല് വയസില്‍ താഴെയായിരിക്കണം എന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു. ഇതിലാണ് സീമാ ധാക്ക വിജയിച്ചത്.  കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ അടക്കമുള്ളവര്‍ സീമാ ധാക്കയെ അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com