'ഫൈവ് സ്റ്റാര്‍ സംസ്‌കാരം മാറ്റാതെ തെരഞ്ഞെടുപ്പുകളില്‍ ജയിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന പോര് തുടരുന്നു
'ഫൈവ് സ്റ്റാര്‍ സംസ്‌കാരം മാറ്റാതെ തെരഞ്ഞെടുപ്പുകളില്‍ ജയിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന പോര് തുടരുന്നു. നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും രംഗത്തെത്തി. നേതാക്കള്‍ക്ക് താഴേത്തട്ടിലുള്ളവരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 

'ഫൈവ് സ്റ്റാര്‍ സംസ്‌കാരം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ നേതാക്കളുടെ പ്രശ്‌നം എന്തെന്നുവെച്ചാല്‍, അവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിച്ചാല്‍ ഉടനെതന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യും. പരുക്കന്‍ പാതകളിലൂടെ അവര്‍ സഞ്ചരിക്കില്ല. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കുന്നതുവരെ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കില്ല'- അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ആസാദ് രംഗത്തുവന്നിരുന്നു. 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ, കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ നേതൃത്വത്തിന് എതിരെ രംഗത്തുവന്നിരുന്നു. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രശ്‌നം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി നേതൃത്വത്തിനും അറിയാം എന്നാല്‍ ആത്മപരിശോധന നടത്തി അതു തിരുത്താന്‍ ആരും തയാറാകുന്നില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് എതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് പറ്റിയ പാര്‍ട്ടിയല്ലെന്ന് കരുതുന്നവര്‍ക്ക് വിട്ടുപോകാമെന്നും പുതിയ പാര്‍ട്ടി രീപീകരിക്കുകയോ മറ്റു പാര്‍ട്ടികളില്‍ ചേരുകയോ ചെയ്യാമെന്നും പറഞ്ഞു. 

'കോണ്‍ഗ്രസ് പറ്റിയ പാര്‍ട്ടിയല്ലെന്ന് തോന്നുന്നെങ്കില്‍ അവര്‍ക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കാം, അല്ലെങ്കില്‍ പുരോഗമനപരമാണെന്നും അവര്‍ക്ക് പറ്റിയതാണെന്നും കരുതുന്ന പാര്‍ട്ടിയില്‍ അവര്‍ക്ക് ചേരാം' ചൗധരി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ലജ്ജാകരമായ പ്രസ്താവനകള്‍ നടത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com