തരുണ്‍ ഗൊഗോയി അന്തരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിഅന്തരിച്ചു
തരുണ്‍ ഗൊഗോയി അന്തരിച്ചു

ന്യൂഡല്‍ഹി:  അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന് ശേഷവും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.

അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ ആലോചിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാല്‍ യാത്ര സാധ്യമല്ലെന്ന വിലയിരുത്തലില്‍ ഉപേക്ഷിച്ചു. ഓഗസ്റ്റ് 25 നു കോവിഡ് പോസിറ്റീവ് ആയ ഗൊഗോയ് ആശുപത്രിയിലായെങ്കിലും ഒക്ടോബര്‍ 25 ന് ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുകയായിരുന്നു. വൃക്ക അടക്കമുള്ള അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തിനു ഡയാലിസിസ് നടത്തിയിരുന്നു.

2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും തരുണ്‍ ഗൊഗോയ് ആണ്. 1934 ഒക്ടോബര്‍ 11ന് അസമിലെ ജോര്‍ഹതിലെ രംഗജന്‍ തേയില എസ്റ്റേറ്റിലായരുന്നു ജനനം.

1968 ല്‍ ജോര്‍ഹത് മുനിസിപ്പല്‍ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 86ലും 96ലും അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1997 ല്‍ മാര്‍ഗരിറ്റ മണ്ഡലത്തില്‍നിന്ന്‌നിന്ന് അസം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ ടിറ്റബര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്നു തവണ തുടര്‍ച്ചയായി അസമില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് തരുണ്‍ ഗൊഗോയ് ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com