'നിവാറി'ന് പിന്നാലെ 'ബുര്‍വി' വരുന്നു ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
'നിവാറി'ന് പിന്നാലെ 'ബുര്‍വി' വരുന്നു ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി : നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. 

പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീരപ്രദേശങ്ങളില്‍ വ്യാപകനാശം വിതച്ച  ചുഴലിക്കാറ്റില്‍ മൂന്നുപേരാണു മരിച്ചത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്.  വിവിധപ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്.  ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടര്‍ന്ന് ഇന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ വർഷം ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റ് കൊടുങ്കാറ്റാണ് നിവാർ. നേരത്തെ സൊമാലിയയിൽ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയിൽ വീശിയടിച്ച നിസാർഗ ചുഴലിക്കാറ്റ്, മെയ് മാസത്തിൽ കിഴക്കൻ ഇന്ത്യയെ ബാധിച്ച ആംഫാൻ ചുഴലിക്കാറ്റ് എന്നിവയാണ് നേരത്തെ വൻനാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com