കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഡല്‍ഹിയില്‍ മാര്‍ച്ചിന് അനുമതി

ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് പൊലീസ് അനുമതി നല്‍കിയിട്ടുള്ളത്
ചിത്രം (പിടിഐ)
ചിത്രം (പിടിഐ)

ന്യൂഡല്‍ഹി :  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പൊലീസ് അനുമതി നല്‍കി. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രക്ഷോഭകര്‍ സംഘര്‍ഷം ഉണ്ടാക്കരുതെന്നും, സമാധാനപരമായി സമരം നടത്തണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

കര്‍ഷകമാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതായി യോഗേന്ദ്രയാദവും അറിയിച്ചിട്ടുണ്ട്. കര്‍ഷകസമരം കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പൊലീസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ അപേക്ഷ നിരസിച്ചു. നേരത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ സമരത്തിന് അനുമതി നിഷേധിച്ചിരുന്നു. 

സമരം നടത്തുന്ന കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സ്വാഗതം ചെയ്തു. കര്‍ഷകരുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും, അവരുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. 

പ്രതിഷേധക്കാരെ ഇന്നും സംഘു അതിര്‍ത്തിയില്‍ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസ് ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു പോകുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com