കോവിഡ് രോഗികളെ വാര്‍ഡില്‍ എത്തിക്കാന്‍ എളുപ്പ വഴി തേടി; കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു, ഗര്‍ഭിണി മരിച്ചു

ആന്ധ്രാപ്രദേശിലെ കോവിഡ് ആശുപത്രിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഗര്‍ഭിണിയായ ജീവനക്കാരിക്ക് ദാരുണാന്ത്യം
കോവിഡ് രോഗികളെ വാര്‍ഡില്‍ എത്തിക്കാന്‍ എളുപ്പ വഴി തേടി; കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു, ഗര്‍ഭിണി മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കോവിഡ് ആശുപത്രിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഗര്‍ഭിണിയായ ജീവനക്കാരിക്ക് ദാരുണാന്ത്യം. കോവിഡ് രോഗികളെ വാര്‍ഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തകര്‍ന്നുവീണത്. കെട്ടിടാവിശിഷ്ടങ്ങള്‍ വീണ് രോഗികള്‍ക്ക് പരിക്കേറ്റു.

തിരുപ്പതി പദ്മാവതി കോവിഡ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം. ആശുപത്രിയിലെ കരാര്‍ ജീവനക്കാരിയായ 37കാരിയാണ് മരിച്ചത്. ആശുപത്രി കെട്ടിടത്തിലെ രണ്ട് ബ്ലോക്കുകള്‍ക്ക് ഇടയിലുളള ഇടനാഴിയില്‍ വച്ചാണ് അപകടം ഉണ്ടായത്.

ആശുപത്രി ബ്ലോക്കിലെ മൂന്ന് നില കെട്ടിടത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. സാധാരണയായി നിര്‍മ്മാണം നടക്കുന്ന സാഹചര്യത്തില്‍ രണ്ട് ബ്ലോക്കുകള്‍ക്ക് ഇടയിലുളള ഇടനാഴി ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ രാത്രിയില്‍ നിര്‍മ്മാണ ജോലികള്‍ ഇല്ലാത്തത് കൊണ്ട് രാധിക ഈ വഴി തെരഞ്ഞെടുക്കുകയായിരുന്നു. എളുപ്പം രണ്ട് കോവിഡ് രോഗികളുമായി വാര്‍ഡില്‍ എത്താമെന്ന് കരുതിയാണ് ഈ ഇടനാഴി വഴി പോയത്. ഈ ഇടനാഴിയിലൂടെ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കനത്തമഴ പെയ്തിരുന്നു. വെളളം ഇറങ്ങി കോണ്‍ക്രീറ്റ് ദുര്‍ബലമായതാകാം അപകടകാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com