ഹാഥ്‌രസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് അലിഗഢ് മെഡിക്കല്‍ കോളജിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട്; പൊലീസിനു കൈമാറി

പെണ്‍കുട്ടി ബലാത്സംഗത്തിനോ പ്രകൃതിവിരുദ്ധ പീഡനത്തിനോ ഇരയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പൊലീസിനു കൈമാറി
ഹാഥ് രസ് സംഭവത്തില്‍ പ്രതിഷേധിച്ച് ഭൂവനേശ്വറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം/പിടിഐ
ഹാഥ് രസ് സംഭവത്തില്‍ പ്രതിഷേധിച്ച് ഭൂവനേശ്വറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം/പിടിഐ

ലക്‌നൗ: ഹാഥ്‌രസില്‍ മേല്‍ജാതിക്കാരുടെ അക്രമത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് അലിഗഢ് മുസ്ലിം സര്‍വകലാശാല മെഡിക്കല്‍ കോളജിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ബലാത്സംഗത്തിനോ പ്രകൃതിവിരുദ്ധ പീഡനത്തിനോ ഇരയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പൊലീസിനു കൈമാറിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് നേരത്തെ ആഗ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പൊലീസ് അലിഗഢ് മെഡിക്കല്‍ കോളജിന്റെ ഉപദേശം തേടി. ഇതിനെത്തുടര്‍ന്നാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പരുക്ക് ഏറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ പതിനാലിന് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ദിവസം തന്നെ അലിഗഢ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ബലപ്രയോഗം നടന്നതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമാണെന്നും എന്നാല്‍ ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് ഫോറന്‍സിക് ഫലം കൂടി കിട്ടിയാലേ പറയാനാവൂ എന്നുമാണ് ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ എഴുതിയിരുന്നത്. ബീജത്തിന്റെ അംശം കണ്ടെത്താനായോ എന്നതില്‍ അറിയില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. 

ബോധം വീണ്ടു കിട്ടിയ ശേഷം പെണ്‍കുട്ടി പൊലീസിനോടു സംസാരിച്ചത് സെപ്റ്റംബര്‍ 22ന് ആണ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന് അന്നുതന്നെ ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ടമെന്റ് മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു. അതനുസരിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ പരിക്കോ മറ്റ് അസ്വാഭാവികതയോ ഇല്ലെന്നാണ് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആഗ്ര ലാബില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗം നടന്നിട്ടില്ലെന്ന് യുപി പൊലീസ് മേധാവി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവം നടന്ന് 11 ദിവസത്തിനു ശേഷം ശേഖരിച്ച സാംപിളുകളാണ് ആഗ്ര ലാബില്‍ പരിശോധിച്ചത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശം ഇല്ലാതിരുന്നതിനാലാണ് പരിശോധന വൈകിയതെന്ന് പൊലീസ് പറയുന്നു. 22ന് പെണ്‍കുട്ടി മൊഴി നല്‍കിയതിനു ശേഷമാണ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ എഫ്‌ഐആറില്‍ ചേര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com