മാര്‍ച്ച് വരെ നിരന്ത സമ്പര്‍ക്കം, പരസ്പരം 104 ഫോണ്‍കോളുകള്‍, പെണ്‍കുട്ടിയുടെ സഹോദരനും പ്രതി സന്ദീപും തമ്മില്‍ അടുത്ത ബന്ധമെന്ന് കോള്‍ രേഖകള്‍

ഭൂല്‍ഗാരിയില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ അകലെ, ചാന്ദ്പാ മേഖലയിലാണ് ഭൂരിഭാഗം കോളുകളുടെയും സെല്‍ ടവര്‍ ലൊക്കേഷന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ : ഹാഥ്‌രസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതി സന്ദീപ് സിങ് താക്കൂറും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് ഫോണ്‍ രേഖകള്‍. ഈ വര്‍ഷം മാര്‍ച്ചുവരെ ഇവര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് കോള്‍ രേഖകള്‍ ചൂണ്ടിക്കാട്ടി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചു വരെയുള്ള കാലത്തിനിടെ, നൂറിലേറെ തവണ ഇവര്‍ പരസ്പരം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

പ്രതി സന്ദീപുമായി 104 തവണ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് യു പി പൊലീസും പറയുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള നമ്പറില്‍ നിന്നും സന്ദീപിന് നിരന്തരം കോളുകള്‍ ലഭിച്ചിരുന്നു. 989 ല്‍ തുടങ്ങുന്ന നമ്പറും സന്ദീപിന്റെ 76186 ല്‍ തുടങ്ങുന്ന നമ്പറും തമ്മില്‍ ആദ്യ സംഭാഷണം ആരംഭിക്കുന്നത് 2019 ഒക്ടോബര്‍ 13 നാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പ്രതികളുടെയും ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് സൂചിപ്പിക്കുന്നു. 

പെണ്‍കുട്ടിയുടെ ഗ്രാമമായ ഭൂല്‍ഗാരിയില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ അകലെ, ചാന്ദ്പാ മേഖലയിലാണ് ഭൂരിഭാഗം കോളുകളുടെയും സെല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. കോള്‍ റെക്കോഡ്‌സ് പ്രകാരം, ഇരയുടെയും പ്രതിയുടെയും ഫോണുകളില്‍ നിന്നും 62 ഔട്ട് ഗോയിങ് കോളുകളും 42 ഇന്‍കമിങ് കോളുകളും പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 

അതിനിടെ ഹാഥ്‌രസ് കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് യുപി സര്‍ക്കാര്‍ സമയം നീട്ടിനല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തു ദിവസം കൂടിയാണ് സമയം നല്‍കിയത്. ഇന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ പ്രദേശവും സന്ദര്‍ശിച്ചിരുന്നു.

സെപ്റ്റംബര്‍ 14 നാണ് പാടത്ത് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടി കൂരമായ ആക്രമണത്തിന് ഇരയാവുന്നത്.  സ്‌പൈനല്‍ കോഡ് തകര്‍ന്ന്, നാവു മുറിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും പെണ്‍കുട്ടി മരിച്ചു. മരണത്തിന് പിന്നാലെ രാത്രി തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചത് വന്‍ വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com