കർഷക പ്രക്ഷോഭം ശക്തമാക്കുന്നു; നവംബർ മൂന്നിന് രാജ്യവ്യാപക ഉപരോധം

കർഷക പ്രക്ഷോഭം ശക്തമാക്കുന്നു; നവംബർ മൂന്നിന് രാജ്യവ്യാപക ഉപരോധം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും ശക്തമായ കർഷക സമരം ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കാനാണ് ഭാരതീയ കിസാൻ യൂണിയൻ തീരുമാനിച്ചത്. ഇതിന്റെ ഭാ​ഗമായി നവംബർ മൂന്നിന് രാജ്യവ്യാപകമായി ദേശീയപാതകളുൾപ്പെടെ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുപ്പതോളം കർഷകസംഘടന നേതാക്കളാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. ഭാരതീയ കിസാൻ യൂണിയൻ (ബികെയു ) നു പുറമേ ഇടതുപക്ഷമുൾപ്പെടെയുള്ള 150-ഓളം കർഷകസംഘടനകൾ ചേർന്ന ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ഭാരതീയ കിസാൻ മഹാസംഘും പ്രക്ഷോഭം തുടരുകയാണ്.

ബിജെപിക്ക് അധികാരത്തിന്റെ അന്ധത ബാധിച്ചിരിക്കുകയാണെന്നും ഇതിനെതിരേ നവംബർ മൂന്നിന് 10 മുതൽ നാലുവരെ ദേശീയപാതകളും റോഡുകളും ഉപരോധിക്കുമെന്നും ബികെയു നേതാവ് ഗുർണാം സിങ് പറഞ്ഞു. കർഷകരും കമ്മിഷൻ ഏജന്റുമാരും തൊഴിലാളികളും നിയമത്തിനെതിരേ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമരം രൂക്ഷമായ പഞ്ചാബിൽ, ഫിറോസ്‌പുർ ഡിവിഷനിൽ മാത്രം ഉപരോധം കാരണം റെയിൽവേക്ക് ഇതുവരെ 210 കോടി രൂപ നഷ്ടമുണ്ടായി. ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഒക്ടോബർ ഏഴുവരെ തിരിച്ചുനൽകിയതു മാത്രം 55 ലക്ഷം രൂപയാണ്. 33 സ്ഥലങ്ങളിലാണ് സെപ്റ്റംബർ 24 മുതൽ റെയിൽ ഉപരോധിക്കുന്നത്. ദിവസേനയുള്ള 28 ചരക്കു തീവണ്ടികളും 14 യാത്രാവണ്ടികളും മുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാന്യങ്ങൾ കയറ്റിയയക്കുന്നതുവഴി ദിവസവും 14 കോടിയോളമാണ് റെയിൽവേക്ക് വരുമാനം ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com