അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ ഇന്ന്  

മിസോറാമിലെ കൊലാസിബ് ജില്ലയും അസമിലെ കാച്ചാര്‍ ജില്ലയുമാണ് സംഘര്‍ഷമുണ്ടായത്
അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ ഇന്ന്  

ഗുവാഹത്തി: അസം-മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അതിര്‍ത്തിയിലെ നിരവധി കടകള്‍ കത്തിച്ചു. മിസോറാമിലെ കൊലാസിബ് ജില്ലയും അസമിലെ കാച്ചാര്‍ ജില്ലയുമാണ് സംഘര്‍ഷമുണ്ടായത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. 

സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് മുഖ്യമന്ത്രിമാരുമായും വിവരങ്ങള്‍ തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല ഇന്ന് രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തും. 

അസമില്‍ നിന്നുള്ള ചില ആളുകള്‍ ആയുധങ്ങളുമായി സംസ്ഥാനത്തേക്കെത്തുകയും കല്ലുകള്‍ വലിച്ചെറിയുകയുമായിരുന്നെന്നാണ്‌
കൊലാസിബ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നല്‍കുന്ന വിശദീകരണം. ആക്രമണം കണ്ടാണ് വൈറെന്‍ഗട്ട് പ്രദേശവാസികള്‍ ഒന്നിച്ചുകൂടിയതെന്നാണ് മിസോറാം പൊലീസിന്റെ വിശദീകരണം. ഇത്തരം സംഘര്‍ഷങ്ങള്‍ എല്ലാ വര്‍ഷവും സംഭവിക്കാറുണ്ടെന്നും ഇരുവിഭാഗത്തിലെയും ആളുകള്‍ അനധികൃതമായി മരം മുറിക്കുന്നതിന്റെ പേരിലാണ് ഇതെന്നും അസം വനം മന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ പരിമള്‍ ശുക്ല പറഞ്ഞു. അസമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നും റിപ്പോർട്ടുണ്ട്.  

സംഘര്‍ഷമുണ്ടായ ഉടനെ മിസോറാം മുഖ്യമന്ത്രി സോറാം തംഗ കാബിനറ്റ് മീറ്റിങ് വിളിച്ചുകൂട്ടി. എല്ലാവരും സമാധാനം പാലിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com