ബിഹാറില്‍ ജനഹിതം തേടി കോടീശ്വരന്മാര്‍; ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നവരില്‍ 153 കോടിപതികള്‍

ഈ മാസം 28, നവംബര്‍ 3, 10 തീയിതികളിലാണ് ബിഹാര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്
ബിഹാറില്‍ ജനഹിതം തേടി കോടീശ്വരന്മാര്‍; ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നവരില്‍ 153 കോടിപതികള്‍

പറ്റ്‌ന : ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളില്‍ 153 പേര്‍ കോടീശ്വരന്മാരാണ്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 

ഈ മാസം 28, നവംബര്‍ 3, 10 തീയിതികളിലാണ് ബിഹാര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 28 ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന് 1065 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. ഇതില്‍ 153 പേരാണ് കോടിപതികള്‍. 

ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാജനസഖ്യത്തിലെ 58 ശതമാനം, ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച തുടങ്ങിയ ഉള്‍പ്പെടുന്ന മുന്നണിയില്‍ 60 ശതമാനവും സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്മാരാണ്. 

ഒരു കോടി മുതല്‍ 53 കോടി രൂപവരെയാണ് ആസ്തി. 53 കോടി ആസ്തിയുള്ള ജെഡിയു നേതാവ് മനോരമ ദേവിയാണ് ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി. ഗയ ജില്ലയിലെ ആത്രി മണ്ഡലത്തില്‍ നിന്നാണ് മനോരമ ദേവി ജനവിധി തേടുന്നത്. 

കുടുംബ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജേഷ് കുമാറാണ് സമ്പന്നരില്‍ രണ്ടാമന്‍. 33.6 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 26.13 കോടി രൂപ ആസ്തിയുള്ള നവാഡയില്‍ മല്‍സരിക്കുന്ന ജെഡിയുവിലെ കൗശല്‍ യാദവാണ് സമ്പന്നരിലെ മൂന്നാമന്‍. കാലാവധി കഴിയുന്ന നിയമസഭയിലെ 240 എംഎല്‍എമാരില്‍ 160 പേരാണ് കോടീശ്വരന്മാരായിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com