സവാളയുടെ വില വര്‍ധന: ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ്, കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന് കേന്ദ്രം 

രാജ്യത്ത് സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. 

കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ പത്ത് ദിവസമായി സവാളയുടെ വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കാനായിരുന്നു ഇത്. ഇതോടെ ഒരു പരിധിവരെ വില പിടിച്ചുനിര്‍ത്താനായി. എന്നാല്‍ സവാള കൃഷിചെയ്യുന്ന മഹാരാഷ്ട്രാ, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

സവാള കിലോയ്ക്ക് 80 രൂപയ്ക്കാണ് ഇന്നലെ ചില്ലറ വില്‍പന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും വര്‍ധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് മാര്‍ക്കറ്റിലെത്താന്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസമെങ്കിലുമാകുമെന്ന് ഇവര്‍ പറയുന്നു. ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മൊത്തവ്യാപാരികള്‍ ഗോഡൗണുകള്‍ അടച്ചിട്ടതും വില വര്‍ദ്ധനയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com