വാക്‌സിന്‍ തിയതിയും സ്ഥലവും അറിയിച്ച് സന്ദേശം, ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ്; കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി രൂപരേഖ ഒരുങ്ങുന്നു 

ഓരോ ഡോസ് മരുന്ന് സ്വീകരിച്ചതിന് ശേഷവും ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക, സ്‌കൂളുകളെ വാക്‌സിന്‍ ബൂത്തുകളാക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയിലുള്ളത്
വാക്‌സിന്‍ തിയതിയും സ്ഥലവും അറിയിച്ച് സന്ദേശം, ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ്; കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി രൂപരേഖ ഒരുങ്ങുന്നു 

ന്യൂഡല്‍ഹി: വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങി വിദഗ്ധര്‍. വാക്‌സിന്‍ നല്‍കുന്നതിന് ദിവസങ്ങള്‍ മുമ്പുതന്നെ മരുന്ന് ലഭിക്കേണ്ടവരുടെ ഫോണുകളില്‍ എസ്എംഎസ് അയക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. വാക്‌സിന്‍ കേന്ദ്രവും സമയക്രമവും അടങ്ങിയതായിരിക്കും സന്ദേശം. ഓരോ ഡോസ് മരുന്ന് സ്വീകരിച്ചതിന് ശേഷവും ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക, സ്‌കൂളുകളെ വാക്‌സിന്‍ ബൂത്തുകളാക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയിലുള്ളത്. 

അടുത്ത വര്‍ഷം ആദ്യം കോവിഡ് 19നെതിരെയുള്ള പ്രതിരോധ മരുന്ന് എത്തിക്കുമ്പോള്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ഒരുക്കണം എന്നത് സംബന്ധിച്ച രൂപരേഖയാണ് തയ്യാറാകുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്ന മാതൃകയില്‍ വാക്‌സിന്‍ വിതരണം നടത്തുന്നതിനേക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച ഉന്നതതല യോഗത്തില്‍ പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണം ആരോഗ്യ രംഗത്തെ സൗകര്യങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തി ആയിരിക്കില്ല മറിച്ച് സ്‌കൂളുകളും വലിയ പങ്ക് വഹിക്കുമെന്ന് അധികൃതരും പറയുന്നു. 

ഇലക്ട്രോണിക് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് (ഇ-വിന്‍) എന്ന സംവിധാനവും വാക്‌സിന്‍ വിതരണത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടുണ്ട്. വാക്‌സിന്‍ സ്റ്റോക്കുകള്‍ ഡിജിറ്റല്‍ ആയി ട്രാക്ക് ചെയ്യുന്ന സംവിധാനമാണ് ഇത്. ഇതേ സാങ്കേതികവിദ്യ വാക്‌സിന്‍ എടുക്കുന്ന ആളെ ട്രാക്ക് ചെയ്യാനും പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. 

വ്യത്യസ്ത ഘട്ടമായാണ് വാക്‌സിനേഷന്‍ നടക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവ ആസൂത്രണം ചെയ്യാനും വിവരണപട്ടിക തയ്യാറാക്കാനും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തും. ഇതുപയോഗിച്ച് വാക്‌സിന്‍ എടുക്കേണ്ട ദിവസവും സമയവും സ്ഥലവും ആളുകളെ മുന്‍കൂട്ടി അറിയിക്കും. വാക്‌സിന്‍ എടുത്തശേഷം മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇതേ സംവിധാനത്തിന്റെ സഹായത്തോടെതന്നെ ക്യൂആര്‍ സര്‍ട്ടിഫിക്കറ്റും ആളുകള്‍ക്ക് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com