'പിന്നില്‍ ലവ് ജിഹാദ്, മതപരിവര്‍ത്തനത്തിന് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി'; 21കാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം (വിഡിയോ)

ഹരിയാനയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍
'പിന്നില്‍ ലവ് ജിഹാദ്, മതപരിവര്‍ത്തനത്തിന് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി'; 21കാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം (വിഡിയോ)

ചണ്ഡീഗഡ്: ഹരിയാനയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദ് ആണെന്ന് ആരോപിച്ച യുവതിയുടെ ബന്ധുക്കള്‍ പ്രതികളില്‍ ഒരാള്‍ മതപരിവര്‍ത്തനം നടത്തി കല്യാണം കഴിക്കാന്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതായി വെളിപ്പെടുത്തി. അതേസമയം കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം പുകയുകയാണ്.

ഫരീദാബാദില്‍ പരീക്ഷ കഴിഞ്ഞ് കോളജില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്താണ് നികിത ടോമറിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് ചെറുത്ത യുവതിക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

സംഭവത്തില്‍ രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളായ തൗസിഫിനെ നികിതയ്ക്ക് പരിചയമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ലൈംഗികാതിക്രമത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തൗസിഫിനെതിരെ നികിതയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്നീട് ഒത്തുതീര്‍പ്പാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മതപരിവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് നികിതയുടെ പിന്നാലെ നടന്ന് തൗസിഫ് നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനെതിരെ നിലപാട് എടുത്തതാണ് പ്രകോപനത്തിന് കാരണം. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു പ്രതികളെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം പുകയുകയാണ്. പ്രതിഷേധക്കാര്‍ ഫരീദാബാദില്‍ കട അടിച്ചുതകര്‍ത്തു. പൊലീസ് എത്തി സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞ് ധര്‍ണ നടത്തി. യുവതിയുടെ കുടുംബക്കാരും ധര്‍ണയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com