സോണിയയുടെ പിന്‍ഗാമിയെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസ്; നടപടികള്‍ക്കു തുടക്കം

പാര്‍ട്ടിയില്‍ നേതാക്കളെ നിയമിക്കുന്ന പതിവു നിര്‍ത്തണമെന്നും എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്കു കത്തയച്ചത് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ പിന്‍ഗാമിയായി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ അര്‍ഹതയുള്ള എഐസിസി അംഗങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞ് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി സംസ്ഥാന ഘടകങ്ങള്‍ക്ക് കത്തയച്ചു.

പാര്‍ട്ടിയില്‍ നേതാക്കളെ നിയമിക്കുന്ന പതിവു നിര്‍ത്തണമെന്നും എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്കു കത്തയച്ചത് കോണ്‍ഗ്രസില്‍ വലിയ വിവാദത്തിനു കാരണമായിരുന്നു. കത്തയച്ച നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നെങ്കിലും അവര്‍ നിര്‍ദേശിച്ച തലത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടി നീങ്ങുകയാണെന്നാണ് സൂചനകള്‍.

എഐസിസി സമ്മേളനം ഏതു സമയവും വിളിച്ചുചേര്‍ക്കാമെന്നും അംഗങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നുമാണ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു സമിതി ഇന്റേണല്‍ മെമ്മോയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി തുടരുകയാണ് സോണിയ ഗാന്ധി. ആരോഗ്യകാരണങ്ങള്‍ നേരത്തെ ഒഴിഞ്ഞ പദവി നേതൃത്വത്തിന്റെ സമ്മര്‍ദം മൂലം സോണിയ ഏറ്റെടുക്കുകയായിരുന്നു. ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റ സോണിയ അനിശ്ചിതമായി സ്ഥാനത്തു തുടരുന്ന സാഹചര്യത്തിലാണ്, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള 23 മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചത്.

പാര്‍ട്ടിക്കു മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്നും നിയമന രീതി മാറ്റി തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തണം എന്നുമായിരുന്നു കത്തിലെ മുഖ്യ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com