പുല്‍വാമയില്‍ ചിലര്‍ക്കു ദുഃഖം തോന്നിയില്ല, രാജ്യം അതു മറക്കില്ല: മോദി-വിഡിയോ 

അത്തരം രാഷ്ട്രീയ പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണം
പുല്‍വാമയില്‍ ചിലര്‍ക്കു ദുഃഖം തോന്നിയില്ല, രാജ്യം അതു മറക്കില്ല: മോദി-വിഡിയോ 

അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമയില്‍ സുരക്ഷാ ഭടന്മാരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്കു ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. 

പുല്‍വാമ ആക്രമണം സംബന്ധിച്ച് അയല്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ സത്യം വെളിപ്പെട്ടുവെന്ന് പാക്  മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 'അയല്‍രാജ്യത്ത് നിന്ന് അടുത്തിടെ വാര്‍ത്ത വന്നു, അവിടത്തെ പാര്‍ലമെന്റില്‍ സത്യം വെളിപ്പെട്ടു. എന്നാല്‍ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ താത്പര്യത്തിനായി ചില ആളുകള്‍ക്ക് എത്രത്തോളം പോകാനാകും?പുല്‍വാമ ആക്രമണത്തിനുശേഷം നടത്തിയ രാഷ്ട്രീയം ഇതിന് ഉത്തമ ഉദാഹരണമാണ്. അത്തരം രാഷ്ട്രീയ പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത് അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക- മോദി പറഞ്ഞു.

ലോകത്തിലെ എല്ലാം രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. സമാധാനം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയാണ് മനുഷ്യരാശിക്കു വേണ്ടത്. ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും ആര്‍ക്കും പ്രയോജനം നേടാനാവില്ല. ഇന്ത്യ എല്ലായ്‌പ്പോഴും ഭീകരതയ്‌ക്കെതിരാണ്- മോദി പറഞ്ഞു.

ലോകമെമ്പാടുമുള്ള മനുഷ്യജീവിതത്തെ ബാധിച്ച മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം കൂട്ടായ്മയുടെ കഴിവ് തെളിയിച്ചു. അഭൂതപൂര്‍വമാണ് ഈ കൂട്ടായ്മയെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com