അത് വ്യാജ പ്രചാരണം; സത്യമാണെന്ന് തെളിഞ്ഞാല്‍ 101 തവണ ഏത്തമിടും; മമതാ ബാനര്‍ജി

ദുര്‍ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്ന് മമതാ ബാനര്‍ജി 
അത് വ്യാജ പ്രചാരണം; സത്യമാണെന്ന് തെളിഞ്ഞാല്‍ 101 തവണ ഏത്തമിടും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത:ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നിരോധിക്കുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കെ വിഷയത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദുര്‍ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും പ്രചരണം സത്യമെന്ന് തെളിയിച്ചാല്‍ 101 വട്ടം ഏത്തമിടാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

'സര്‍ക്കാര്‍ ദുര്‍ഗാ പൂജ നിരോധിച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. നിങ്ങള്‍ ഇത് സത്യമെന്ന് തെളിയിച്ചാല്‍ ഞാന്‍ 101 വട്ടം ഏത്തമിടും. പൊതുജനങ്ങള്‍ ഒരിക്കലും ഇത് പൊറുക്കില്ല', മമത പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായുളള തയ്യാറെടുപ്പുകള്‍ നടക്കവെയാണ് ദുര്‍ഗപൂജ വേണ്ടെന്നുവെക്കുമെന്ന പ്രചരണങ്ങള്‍ വ്യാപകമായി നടന്നത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും 101 തവണ ഏത്തമിടീപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ മത സൗഹാര്‍ദം തകര്‍ക്കാനാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള വ്യാജ വാര്‍ത്തള്‍ അടിച്ചിറക്കുന്നവര്‍ക്കെതിരെ താന്‍ മൂന്നാം വട്ടം അധികാരത്തില്‍ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com