'അതിശയം, ചാനല്‍ വാര്‍ത്തകള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നോ?' കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

'അതിശയം, ചാനല്‍ വാര്‍ത്തകള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നോ?' കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി
'അതിശയം, ചാനല്‍ വാര്‍ത്തകള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നോ?' കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

മുംബൈ: ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവും ഇല്ല എന്നത് അതിശയകരമാണെന്ന് ബോംബെ ഹൈക്കോടതി. ടെലിവിഷന്‍ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം.

സുശാന്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചാനലുകളെ നിയന്ത്രിക്കണം എന്നത് ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസില്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ കക്ഷി ചേര്‍ത്തു. ചാനല്‍ വാര്‍ത്തകളില്‍ എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അറിയിക്കാന്‍ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. 

കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  എന്നിവയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ചാനലുകള്‍ സമാന്തര അന്വേഷണം നടത്തുകയാണന്നും മുംബൈ പൊലീസിനെതിരെ പ്രചാരണം നടത്തുകയാണെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. 

കേസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം പാലിക്കാന്‍ ഈ മാസം മൂന്നിന് മറ്റൊരു ബെഞ്ച് മാധ്യമങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ചിട്ടും ചാനലുകള്‍ റിപ്പോര്‍ട്ടിങ് രീതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 

മാധ്യമങ്ങള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ പ്രസ് കൗണ്‍സിലിനെയോ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയെയോ സമീപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്‍ബിഎസ്എ നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമല്ലെന്ന് കോടതി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com