'ഗര്‍ഭിണിയാകാന്‍ വീട്ടില്‍ വച്ച് പ്രാര്‍ത്ഥിക്കുക'; സ്ത്രീകള്‍ക്ക് ഉടുമ്പിന്റെ ജനനേന്ദ്രിയം നല്‍കിയ ആള്‍ദൈവം പിടിയില്‍

കര്‍ണാടകയില്‍ കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇടയില്‍ ഉടുമ്പിന്റെ ജനനേന്ദ്രിയത്തിന്റെ വില്‍പ്പന നടത്തിയ ആള്‍ദൈവത്തെയും മൂന്ന് കൂട്ടാളികളെയും പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇടയില്‍ ഉടുമ്പിന്റെ ജനനേന്ദ്രിയത്തിന്റെ വില്‍പ്പന നടത്തിയ ആള്‍ദൈവത്തെയും മൂന്ന് കൂട്ടാളികളെയും പിടികൂടി. ഗര്‍ഭിണിയാകാന്‍ ഉടുമ്പിന്റെ ജനനേന്ദ്രിയം വച്ച് പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ വലയില്‍ വീഴ്ത്തിയത്. 

കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. ആവശ്യക്കാര്‍ എന്ന വ്യാജേന സമീപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ തന്ത്രപൂര്‍വ്വം കുടുക്കിയത്. ഇവരില്‍ നിന്ന് ഉടുമ്പിന്റെ 79 ജനനേന്ദ്രിയങ്ങള്‍ പിടികൂടി. പവിഴപ്പുറ്റുകളുടെ വര്‍ഗത്തില്‍പ്പെട്ട 503 സീ ഫാന്‍സ് എന്ന കടല്‍ ജീവികളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായി ഇരുന്ന് സ്ത്രീകളെ കബളിപ്പിച്ച സന്ന ഈരപ്പ ഉള്‍പ്പെടെ നാലുപേരാണ് കേസില്‍ പിടിയിലായത്.

ഗര്‍ഭിണിയാകാന്‍ ഒരു ഉപായം എന്ന്  പറഞ്ഞ് വിശ്വസിപ്പിച്ചാണ് കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളെ ഇയാള്‍ വഞ്ചിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീശൈലത്ത് നിന്നുമാണ് സന്ന ഈരപ്പയ്്ക്ക് ഉടുമ്പുകള്‍ എത്തിച്ചിരുന്നത്. അഭിവൃദ്ധിക്കും സമ്പത്തിനുമായി ക്ഷേത്രത്തില്‍ തന്നെ സമീപിക്കുന്ന വിശ്വാസികളെയാണ് ആള്‍ദൈവം കബളിപ്പിച്ചിരുന്നതെന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. വീടിന് മുന്‍വശം കടല്‍ ജീവിയായ സീ ഫാന്‍സിനെ കെട്ടിയിട്ടാല്‍ ഐശ്വര്യം വരുമെന്ന് പറഞ്ഞ് ഭക്തരില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

ഉടുമ്പിന്റെ ജനനേന്ദ്രിയം നല്‍കുന്നതിന് മുന്‍പ് പ്രത്യേക പൂജകളും ഇയാള്‍ നടത്തിയിരുന്നു. വീട്ടില്‍ വച്ച് പൂജിക്കാന്‍ പറഞ്ഞ് കൊണ്ടാണ് സ്ത്രീകള്‍ക്ക് ഉടുമ്പിന്റെ ജനനേന്ദ്രിയം നല്‍കിയിരുന്നതെന്നും ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. രണ്ടു ലക്ഷം രൂപയോളമാണ് ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നതെന്നും ഫോറസ്റ്റ് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com