കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനായി വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചു, രണ്ടു കോടി മോഹന വാഗ്ദാനം; ദമ്പതികളില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തു

ബാധ്യത തീര്‍ക്കാന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറായ കുടുംബത്തെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിജയവാഡ: ബാധ്യത തീര്‍ക്കാന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറായ കുടുംബത്തെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കടക്കെണിയിലായ ദമ്പതികള്‍ പിടിച്ചുനില്‍ക്കാനാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ആവശ്യക്കാരെ തെരയുന്നതിനിടെയാണ് തട്ടിപ്പിന് ഇരയായത്.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വൃക്കയ്ക്ക് രണ്ടു കോടി രൂപ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.  മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്ന എന്‍ ഭാര്‍ഗവിയും കാമേശ്വറുമാണ് തട്ടിപ്പിന് ഇരയായത്. കടയുടെ മറ്റു പാര്‍ട്ട്ണര്‍മാരുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ കടക്കെണിയിലായതെന്ന് പൊലീസ് പറയുന്നു.

കടബാധ്യത തീര്‍ക്കാന്‍ ദമ്പതികള്‍ വൃക്ക വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്‍ഗവിയുടെ ഒരു വൃക്ക കൊടുക്കാനും ധാരണയായി. ഇതനുസരിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ ആവശ്യക്കാരെ തെരഞ്ഞു. തുടര്‍ന്ന് ഡല്‍ഹിയിലുളള ഒരാള്‍ ഇവരുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിയില്‍ പറയുന്നു.

ഇടപാടിന്റെ പ്രോസസിംഗ് ചാര്‍ജ്ജ് ഇനത്തില്‍ 17 ലക്ഷം രൂപ നല്‍കണമെന്ന് ഡല്‍ഹിയിലുളള ചോപ്ര സിംഗ് പറഞ്ഞു. ഇടപാട് പൂര്‍ത്തിയായാല്‍ പണം മുഴുവനായി തരാമെന്നും ഇയാള്‍ പറഞ്ഞു. ഇതില്‍ വിശ്വസിച്ച് 24 ഇടപാടുകളിലായി 17 ലക്ഷം രൂപ ചോപ്ര സിംഗ് തട്ടിയെടുത്തു എന്നാണ് ദമ്പതികളുടെ പരാതിയില്‍ പറയുന്നത്. ബാങ്കില്‍ നിന്നും വായ്പയെടുത്തും പരിചയക്കാരില്‍ നിന്നും കടമെടുത്തുമാണ് ഈ പണം ദമ്പതികള്‍ കണ്ടെത്തിയത്. 

വീണ്ടും അഞ്ചു ലക്ഷം രൂപ കൂടി ചോദിച്ചതോടെ, സംശയം തോന്നിയ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com